'ഇല്ലാ... ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല'; അതിവൈകാരികമായി പുതുപ്പള്ളി, ഉച്ചത്തിൽ അലറിക്കരഞ്ഞ് ആയിരങ്ങൾ - ഉമ്മൻ ചാണ്ടി പുതുപ്പള്ളി
🎬 Watch Now: Feature Video
പുതുപ്പള്ളി: ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയും പുതുപ്പള്ളിക്ക് ഉമ്മൻചാണ്ടിയും... 53 വർഷം ഈ നാട് നെഞ്ചേറ്റിയ മനുഷ്യൻ, ഒരു വിളിപ്പുറത്ത് ഓടിയെത്തുന്ന കുഞ്ഞൂഞ്ഞ് ഇനിയില്ല എന്ന് വിശ്വസിക്കാനാകുന്നില്ല. ഇന്നലെ രാവിലെ മുതലുള്ള കാത്തിരിപ്പാണ്... അവസാനമായി ഒരു നോക്ക് കാണാൻ... എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം പുതുപ്പള്ളി എന്ന പേരിനൊപ്പം ഉമ്മൻ ചാണ്ടി എന്ന പേര് ചേർത്തുവെച്ചാണ് ജനനായകന്‍റെ മടക്കം. പുതുപ്പള്ളിക്കാർ നെഞ്ചുപൊട്ടി വിളിച്ചു...
'ഇല്ലാ... ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ ചാണ്ടി മരിച്ചിട്ടില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ... കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ഞങ്ങൾക്കൊന്നേ നേതാവുള്ളൂ... അതാണതാണീ ഉമ്മൻ ചാണ്ടി...'
തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് ശേഷം ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ജനം, പുതുപ്പള്ളി കവലയിൽ തടിച്ചുകൂടിയത്. നിമിഷങ്ങൾക്കകം അതൊരു മനുഷ്യ മഹാസാഗരമായി. ഇന്നലെ വരെ പുതുപ്പള്ളിക്കാർ അവരുടെ സ്വകാര്യ അഹങ്കാരമായി കരുതിയ ഉമ്മൻ ചാണ്ടി എന്ന നേതാവ് ഇനിയില്ലെന്ന യാഥാർഥ്യം അവർക്ക് ഉൾക്കൊള്ളാനാകുന്നില്ല. പ്രിയ നേതാവിന് വിട ചൊല്ലാൻ പുതുപ്പള്ളിക്കാർ ക്ഷമയോടെ കാത്തു നിന്നു, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി.