'മിഷന്‍ അരിക്കൊമ്പന്‍': കോടതി ഉത്തരവില്‍ ജനരോഷം; ഉന്നതതല യോഗം ഇന്ന്
🎬 Watch Now: Feature Video
ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം ഈ മാസം 29 വരെ നിര്‍ത്തി വയ്‌ക്കാനുള്ള ഹൈക്കോടതി ഉത്തരവില്‍ ജനരോഷം. ആനയെ പിടികൂടുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍. മാര്‍ച്ച് 26ന് ആയിരുന്നു മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്.
വന്യ ജീവി സംരക്ഷണ സംഘടനയുടെ പേരില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. അതേസമയം, ഹര്‍ജിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് നേടിയെടുത്തതെന്നാണ് ഉയരുന്ന ആരോപണം. ഹൈക്കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് പറഞ്ഞു.
മിഷന്‍ അരിക്കൊമ്പന്‍ ദൗത്യം നടപ്പിലാക്കുന്നതിന് വേണ്ടി മേഖലയില്‍ കുങ്കിയാനകളെ എത്തിച്ചിരുന്നു. ഇവയെ തിരികെ കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുൺ വ്യക്തമാക്കി.
കോടതി ഉത്തരവിന്‍റെ സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് വനം മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ കോട്ടയം സിസിഎഫ് ഓഫിസില്‍ വച്ചാണ് യോഗം.