Kasaragod Theft | പിടിച്ചുപറി സംഘത്തെ കണ്ടെത്തിയാല് അരലക്ഷം രൂപ പാരിതോഷികം... സംഗതി കേരളത്തിലാണ്
🎬 Watch Now: Feature Video
കാസർകോട്: പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബേക്കൽ പൊലീസ്. കാസർകോട് ജില്ലയിലെ ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ അടുത്തിടെ നടന്ന പിടിച്ചുപറി കേസിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചത്. പന്ത്രണ്ടോളം കേസുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്.
പൊലീസിന് സിസിടിവി ദൃശ്യം ഉൾപ്പെടെ ലഭിക്കുന്നുണ്ടെങ്കിലും പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ സാധിക്കുന്നില്ല. മലയാളികളാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. ചായക്കടയിൽ ഇവർ മലയാളത്തിലാണ് സംസാരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഫോൺ രേഖകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വൃദ്ധരും മധ്യവസ്കരായ സ്ത്രീകളെയും ഇടവഴിയിൽ തടഞ്ഞുനിർത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതാണ് ഇരുചക്ര വാഹന മോഷണ സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. തുടർച്ചയായി ഇത്തരം പിടിച്ചുപറി കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇവരിൽ ഒരാളെ പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹെൽമറ്റിന് പുറമെ മാസ്ക് ധരിച്ച് മുഖം ആകെ മറച്ചാണ് പിടിച്ചുപറി സംഘം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നത്. തിരക്കേറിയ റോഡുകളിലും സ്ത്രീകൾ പിടിച്ചുപറിക്കിരയാകുന്നതായി പരാതിയുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികളെ കണ്ടെത്താൻ നടത്തിയ ശ്രമവും വിഫലമായി. തുടർന്നാണ് പൊലീസ് ഇപ്പോൾ പുതിയ മാർഗം സ്വീകരിച്ചത്. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുകയോ തെളിവുകൾ നൽകുകയോ ചെയ്താൽ പാരിതോഷികം നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വിവരം അറിയിക്കുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കാം എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമായതോടെ പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.