ഇനി അതിവേഗയാത്ര, ഗതാഗതക്കുരുക്കില്ല; ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
🎬 Watch Now: Feature Video
മാണ്ഡ്യ: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേ പദ്ധതി ഇന്ന് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 118 കിലോ മീറ്റർ ദൈർഘ്യമുള്ള അതിവേഗപാതയാണ് പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ ഇരു നഗരങ്ങൾക്കിടയിലുള്ള യാത്ര സമയം ഏകദേശം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയുമെന്ന് ഉദ്യോഗസ്ഥർ വ്യക്‌തമാക്കി. 8,480 കോടി രൂപയുടെ പദ്ധതിയിൽ ബെംഗളൂരു - നിദാഘട്ട - മൈസൂർ പാത ആറു വരിയാക്കുന്നതോടെ മേഖലയിലെ സാമൂഹിക - സാമ്പത്തിക വികസനത്തിന് കൂടുതൽ സഹായകരമാകും.
ഇതോടൊപ്പം മൈസൂരു - കുശാൽനഗർ നാല് വരി ഹൈവേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. 92 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം 4130 കോടി രൂപ ചെലവിലാണ് പുനർനിർമാണം നടത്തുന്നത്. ബെംഗളൂരുവുമായുള്ള കുടക് ജില്ലയിലെ കുശാൽനഗറിനെ വേഗത്തിൽ ബന്ധിപ്പിക്കാനും പദ്ധതി പ്രധാന പങ്ക് വഹിക്കും. ഏകദേശം അഞ്ച് മണിക്കൂറിൽ നിന്ന് യാത്രാ സമയം പകുതിയായി കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.
അതിവേഗ പാതയിലെ പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തും രണ്ടുവരി സർവീസ് റോഡുകളും ഉൾപ്പെടെ പത്ത് വരിയാണ് പാത. കർണാടകയിലെ പ്രധാന നഗരങ്ങളായ മൈസൂരു, ബെംഗളൂരു എന്നിവക്കിടയിൽ അതിവേഗ യാത്ര സാധ്യമാക്കുക എന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. പുതിയ അതിവേഗ പാതയുടെ വരവോടെ കേരള - കർണാടക സംസ്ഥാനങ്ങൾക്കിടയിലെ മലയാളി യാത്രക്കാർക്കും ഏറെ ഗുണകരമാകും.