സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് സർവീസ് ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
🎬 Watch Now: Feature Video
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ്. രാവിലെ 10 മണിയോടുകൂടി തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്കായി കർശന സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കും. ബിജെപി പ്രവർത്തകരും പ്രധാനമന്ത്രിക്ക് സ്വീകരണം നൽകുന്നുണ്ട്. അവിടെ നിന്നും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന പ്രധാനമന്ത്രി വന്ദേ ഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 10.30ന് പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുന്ന സര്‍വീസ് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ രണ്ട് മിനിറ്റ് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
28 മുതലാകും പതിവ് സർവീസ്. രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വന്ദേ ഭാരത് പുറപ്പെടും. കൊല്ലമാണ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പ്. ഇവിടെ 6.07ന് ട്രയിന്‍ എത്തും. കോട്ടയം 7.25, എറണാകുളം ടൗണ്‍ 8.17, തൃശൂര്‍ 9.22, ഷൊര്‍ണൂര്‍ 10.02, കോഴിക്കോട് 11.03, കണ്ണൂര്‍ 12.03, കാസര്‍കോട് 1.25 എന്നിങ്ങനെയാണ് സമയക്രമം. ഉച്ചയ്ക്ക് 2.30ന് ട്രെയിനിന്‍റെ മടക്കയാത്ര തുടങ്ങും. രാത്രി 10.35ന് തിരികെയുള്ള സര്‍വീസ് തിരുവനന്തപുരത്തെത്തും. എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് കാസർകോട് എത്താനുള്ള സമയം.