പനി ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവം;' അടിയന്തര നടപടി സ്വീകരിക്കും': പികെ ബഷീര്‍ എംഎല്‍എ - PK Basheer MLA
🎬 Watch Now: Feature Video
Published : Jan 8, 2024, 10:40 PM IST
മലപ്പുറം: എടവണ്ണയില്‍ അടുത്തിടെ മൂന്ന് കുട്ടികള്‍ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ സൂക്ഷ്‌മ പരിശോധന നടത്തുമെന്ന് പികെ ബഷീര്‍ എംഎല്‍എ. മരിച്ച കുട്ടികളുടെ രോഗം വേഗത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അത്തരം സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംഒ ഡോ.രേണുകയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പികെ ബഷീര്‍ എംഎല്‍എ. മരിച്ച കുട്ടികളില്‍ ഒരാള്‍ക്ക് അഞ്ചാം പനിയായിരുന്നുവെന്നും കുട്ടിക്ക് പ്രതിരോധ കുത്തിവയ്‌പ്പുകളൊന്നും എടുത്തിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. മറ്റ് രണ്ട് കുട്ടികള്‍ മരിച്ചത് ഡെങ്കിപ്പനി ബാധിച്ചാണെന്നാണ് വിലയിരുത്തല്‍. കാവനൂര്‍ പഞ്ചായത്തിലെ 18,19 വാര്‍ഡുകളിലായി 80ലധികം പേര്‍ ഇതുവരെ പ്രതിരോധ കുത്തിവയ്‌പ്പുകളൊന്നും എടുത്തിട്ടില്ല. ഇത്തരം അനാസ്ഥ അപകടകരമായ അസുഖങ്ങളുടെ പകര്‍ച്ചക്ക് കാരണമാകും. ഇത്തരം സാഹചര്യത്തില്‍ അടിയന്തരമായ നടപടികള്‍ കൈകൊള്ളുമെന്നും എംഎല്‍എ പറഞ്ഞു. ജനുവരി 15ന് തിങ്കളാഴ്‌ച 12 മണിക്ക് എടവണ്ണയിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേയും വാർഡ് അംഗങ്ങളുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും മറ്റു ബന്ധപ്പെട്ടവരുടേയും യോഗം ചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് പി.കെ ബഷീർ എംഎൽഎ പറഞ്ഞു.