പിഎഫ്‌ഐ ബന്ധം : കേരളത്തിൽ അഞ്ചിടങ്ങളിൽ എൻഐഎ റെയ്‌ഡ് - കാസർകോട് എൻഐഎ റെയ്‌ഡ്
🎬 Watch Now: Feature Video
കാസർകോട് : കേരളത്തിൽ അഞ്ചിടങ്ങളിൽ എൻഐഎ റെയ്‌ഡ്. കാസർകോട്, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്ദുൽ മുനീറിന്‍റെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച് ഏഴ് മണിക്കൂറോളം നീണ്ടുനിന്ന പരിശോധന 12 മണിയോടെയാണ് അവസാനിച്ചത്.
മലപ്പുറത്ത് രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടക്കുന്നത്. കേരളത്തിലെ എൻഐഎ സംഘത്തെ കൂടാതെ ഡൽഹിയിലെയും എൻഐഎ സംഘം
പരിശോധനകൾക്കായി എത്തിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എൻഐഎക്ക് വിവരം ലഭിച്ചിരുന്നു. ഹവാല ഇടപാടുകളെ കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും സുരക്ഷയ്‌ക്കായുണ്ട്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേരളത്തെക്കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലും റെയ്‌ഡ് നടക്കുന്നുണ്ട്. നേരത്തെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ പുറത്തുവന്നിരുന്നു. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് എൻഐഎ പോസ്റ്റർ പതിച്ചിരുന്നത്. മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുകയായി പ്രഖ്യാപിച്ചിരുന്നത്.