'ആരുടെ പരിചയക്കുറവാണെന്ന് ജനം വിലയിരുത്തും; മന്ത്രിയുടെ പ്രസ്‌താവന വലിയ മുറിവുണ്ടാക്കി': വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ - കൊട്ടാരക്കരയിൽ ഡോക്‌ടർ മരിച്ച സംഭവം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18474980-thumbnail-16x9-kllll.jpg)
കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോക്‌ടറുടെ പരിചയക്കുറവാണ് സംഭവത്തിന് കാരണം എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന വലിയ മുറിവാണ് ഉണ്ടാക്കിയതെന്നും ഇതൊക്കെ ആരുടെ പരിചയക്കുറവാണെന്ന് ജനം വിലയിരുത്തുമെന്നും വി ഡി സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്‌ടർ വന്ദനയ്ക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുറിവ് കൂടുതൽ ആഴത്തിലാക്കുകയാണ് മന്ത്രി ചെയ്‌തത്. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇവരുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് പ്രതികരിച്ചത്. എന്തു ഉദ്ദേശത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്. ഇവിടെ ആർക്കാണ് പരിചയക്കുറവ് എന്നു ജനം വിലയിരുത്തും. മയക്കുമരുന്നിനടിമയായ ക്രിമിനലിനെ കൈ കെട്ടാതെ ഹോം ഗാർഡിനൊപ്പം കയറ്റി വിട്ടത് ഗുരുതരമായ അനാസ്ഥയാണ്. ഇപ്പോൾ ഇയാളെ വാദിയാക്കി ചിത്രികരിക്കാൻ ശ്രമിക്കുന്നു. സർക്കാരിന്‍റെ അനാസ്ഥയാണ് വന്ദനയുടെ ജീവൻ നഷ്‌ടമാക്കിയത്,' വി ഡി സതീശൻ പറഞ്ഞു.
സർക്കാരിന്‍റെയും പൊലീസിന്‍റെയും ഭാഗത്ത് നിന്ന് വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും, ഇന്നലെ എഡിജിപി പറഞ്ഞതും എഫ്ഐആറിൽ പറഞ്ഞിരിക്കുന്നതും വ്യത്യസ്‌തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലവിൽ പ്രതി സന്ദീപിനെ വാദിയാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.