ഒഡിഷ ട്രെയിൻ ദുരന്തം, രക്ഷപ്രവർത്തനത്തിന്‍റെ ആകാശദൃശ്യങ്ങൾ
ബാലസോർ: രാജ്യത്തെ നടുക്കിയ ഒഡിഷ ബാലസോർ ട്രെയിൻ ദുരന്തത്തില്‍ മരണം 260 കടന്നതായി റിപ്പോർട്ടുകൾ. 650തിലധികം ആളുകളാണ് ഒഡിഷയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളതെന്ന് ദക്ഷിണ കിഴക്കൻ റെയില്‍വേ വക്താവ് അറിയിച്ചു.
കൊല്‍ക്കത്തയില്‍ നിന്ന് 250 കിലോമീറ്റർ അകലെയും ഭുവനേശ്വറില്‍ നിന്ന് 170 കിലോമീറ്റർ അകലെയുമായി ഒഡിഷയിലെ ബാലസോറിലാണ് ഇന്നലെ (02.06.23) രാത്രി ഏഴ് മണിയോടെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന് സംഭവിച്ചത്. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസും ഷാലിമാർ-ചെന്നൈ കോറോമണ്ഡല്‍ എക്‌സ്‌പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകൾ കൂട്ടിയിടിച്ച ശേഷം ചരക്ക് ട്രെയിനിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
എൻഡിആർഎഫ്, റെയില്‍വേ, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 9 ടീമുകളായി തിരിച്ച 300-ലധികം രക്ഷാപ്രവർത്തകരാണ് അപകടസ്ഥലത്തുള്ളത്. ഇന്ന് വൈകുന്നേരത്തോടെ തെരച്ചിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് എൻഡിആർഎഫ് ജനറൽ അതുൽ കർവാൾ പറയുന്നത്.
അപകടം നടന്ന് ഒന്നേകാൽ മണിക്കൂറിന് ശേഷം ആദ്യ എൻഡിആർഎഫ് ടീം ബാലസോറിലെ പ്രാദേശിക പ്രതികരണ കേന്ദ്രത്തിൽ നിന്ന് സംഭവ സ്ഥലത്തെത്തി. ബാക്കിയുള്ള എൻഡിആർഎഫ് ടീമുകളെ കട്ടക്ക് ജില്ലയിലെ മുണ്ടാലിയിൽ നിന്നും കൊൽക്കത്തയിൽ നിന്നും സ്ഥലത്തെത്തിച്ചുവെന്നും അതുൽ കർവാൾ അറിയിച്ചു.
Also read : ഒഡിഷ ട്രെയിൻ ദുരന്തം; ഹെൽപ് ലൈൻ നമ്പറുകൾ അറിയാം, ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍