കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് കെട്ടിടം പുതുക്കി; സ്‌കൂളിന് സിപിഎം നേതാവിന്‍റെ പേര്, പ്രതിഷേധവുമായി നാട്ടുകാർ

🎬 Watch Now: Feature Video

thumbnail

കണ്ണൂർ: സർക്കാർ വിദ്യാലയത്തിന് നൽകിയ പേര് മാറ്റിയതിൽ നാട്ടുകാർക്ക് പ്രതിഷേധം. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ രാമന്തളിയിൽ സ്ഥിതി ചെയ്യുന്ന ഹയർ സെക്കന്‍ഡറി കെട്ടിടമാണ് പേര് മാറ്റിയതിലൂടെ വിവാദത്തിലായത്. ഒന്നര വർഷം മുൻപാണ് സർക്കാർ വിദ്യാലയത്തിന് പ്രദേശത്തെ സിപിഎം നേതാവായ അന്തരിച്ച ഒകെ കുഞ്ഞിക്കണ്ണന്‍റെ പേര് നൽകിയത്.

രണ്ട് കെട്ടിടങ്ങളായുണ്ടായിരുന്ന സ്‌കൂളിലെ ഒരു കെട്ടിടം ജവഹർ മന്ദിരം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഒന്നര വർഷം മുൻപ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സ്‌കൂൾ കെട്ടിടം പുതുക്കി പണിതതോടെ സ്‌കൂളിന് ഒകെ കുഞ്ഞിക്കണ്ണൻ സ്‌മാരക ഹയർ സെക്കന്‍ഡറി സ്‌കൂൾ എന്ന് പേര് മാറ്റി നൽകുകയായിരുന്നു. ഇതാണ് പ്രദേശത്തെ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. 

1962 - 63 കാലഘട്ടത്തിൽ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്ന ആർ ശങ്കർ സർക്കാരിന്‍റെ ഭരണ കാലത്താണ് രാമന്തളിയിൽ ഒരു ഹൈസ്‌കൂൾ വേണം എന്ന ആവശ്യം ആദ്യമായി ഉയർന്നുവന്നത്. എന്നാൽ സ്ഥലം ഏറ്റടുത്ത് കെട്ടിടം നിർമിച്ചു നൽകുകയാണെങ്കിൽ സ്‌കൂളിന് അംഗീകാരം നൽകാമെന്ന് അന്നത്തെ സർക്കാർ ഉറപ്പ് നൽകി. സർക്കാർ ഉറപ്പിന്മേൽ വിപി കുഞ്ഞിരാമ പൊതുവാൾ, പികെ വലിയ ചിണ്ട പൊതുവാൾ, ഇറയത്ത് അബ്‌ദുൾ റഹ്മാൻ, സിഎച്ച് ഗോപാലൻ നമ്പ്യാർ, പികെ കോമൻ നായർ, എംടി രാഘവൻ, ടി മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 32 അംഗങ്ങൾ അടങ്ങിയ ഒരു കമ്മിറ്റി രൂപീകരികരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്.

സ്‌കൂളിനാവശ്യമായ സ്ഥലം നൽകിയത് വിപി കുഞ്ഞിക്കണ്ണ പൊതുവാൾ, പികെ ചിണ്ട പൊതുവാൾ, ഡികെ രാമ പൊതുവാൾ, ഡികെ നാരായണ പൊതുവാൾ എന്നിവരായിരുന്നു. ഒരു വെല്ലുവിളിയെന്നോണം ഇത് ഏറ്റെടുത്ത് സ്‌കൂൾ നിർമിച്ചു നൽകിയ വേളയിൽ സ്‌കൂൾ കമ്മിറ്റി മുന്നോട്ട് വെച്ച ഒരേയൊരു നിർദേശം കെട്ടിടത്തിന്  'ജവഹർ മന്ദിരം' എന്ന പേര് നൽകണം എന്നത് മാത്രമായിരുന്നു. അങ്ങനെയാണ് 1964 ൽ ജവഹർ മന്ദിരം നിലവിൽ വന്നതെന്ന് ഇവർ പറയുന്നു. 

പേര് മാറ്റി അവഹേളിച്ചു : 58 വർഷങ്ങൾക്കിപ്പുറം പ്രസ്‌തുത കെട്ടിടമാണ് കിഫ്‌ബിയുടെ ഫണ്ടിൽ ഉൾപ്പെടുത്തി പുനർ നിർമാണം പൂർത്തിയാക്കി ഒകെകെ സ്‌മാരക ഹയർ സെക്കന്‍ഡറി എന്ന പേരിൽ നാമകരണം ചെയ്‌തിരിക്കുന്നത്. സർക്കാർ ഹൈസ്‌കൂൾ കെട്ടിടം വർഷങ്ങൾക്ക് മുൻപ് ഹയർ സെക്കന്‍ഡറി ആയി ഉയർത്തിയിരുന്നു. എന്നാൽ ജവഹർലാൽ നെഹറുവിനെയും രാമന്തളിയിലെ ഈ സ്‌കൂളിന് വേണ്ടി വിയർപ്പും ചോരയും പൊടിച്ച ഒരു ജനതയെയും അവഹേളിക്കുന്നതിന് തുല്യമാണ് പേര് മാറ്റിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

മന്ത്രി സജി ചെറിയാൻ ആയിരുന്നു കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്. കെട്ടിടം ഉയരും മുൻപ് തന്നെ ഇവർ ജില്ല കലക്‌ടറേയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനേയും പ്രിൻസിപ്പാളിനേയും ബന്ധപ്പെട്ടെങ്കിലും ഇവർ പിന്മാറിയില്ലെന്ന് ഇവർ പറയുന്നു. നിലവിൽ കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് ജവഹർ മന്ദിരം എന്ന നെയിം ബോർഡ് ഉണ്ടെങ്കിലും അത് അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് ഇവരുടെ നിലപാട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.