സി ദിവാകരന്‍റെ ആത്മകഥ; 'കേരള ജനതയെ ഞെട്ടിക്കുന്നത്, പിണറായിയും സിപിഎമ്മും മാപ്പ് പറയണം': നാട്ടകം സുരേഷ് - CM and CPM
🎬 Watch Now: Feature Video
കോട്ടയം: സിപിഐ നേതാവ് സി.ദിവാകരന്‍റെ 'കനല്‍ വഴികളിലൂടെ' എന്ന ആത്മകഥയിലെ പരാമര്‍ശങ്ങള്‍ കേരള ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ നീതിപൂര്‍വ്വവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപമാനിച്ച പിണറായിയും സിപിഎമ്മും മാപ്പ് പറയണമെന്നും സുരേഷ് പറഞ്ഞു.
സി.ദിവാകരൻ ഒരിക്കലും നുണ പ്രസ്‌താവന നടത്തില്ല. കേസ് അന്വേഷണത്തിന് കൈക്കൂലി നൽകിയെന്ന സരിതയുടേയും സി.ദിവാകരന്‍റെയും വെളിപ്പെടുത്തൽ ഗൗരവമുള്ള കാര്യമാണ്. തെളിനീരു പോലെ സുതാര്യമാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം. അദ്ദേഹത്തിന്‍റെ പ്രായം പോലും പരിഗണിക്കാതെയാണ് സിപിഎം അധിക്ഷേപിച്ചത്.
സത്യം ജയിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്‌താവന ഇപ്പോള്‍ യാഥാര്‍ഥ്യമായി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സര്‍ക്കാറിന് ഭയമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14ന് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. യുഡിഎഫ് കൺവീനർ എം.എം.ഹസന്‍, തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍, കെ.സി ജോസഫ്, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.