രാമക്ഷേത്രം സങ്കുചിത താത്‌പര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സംഘപരിവാർ ശക്തികളെ സഹായിക്കാനേ ഉപകരിക്കൂ : മുല്ലപ്പള്ളി രാമചന്ദ്രൻ - അയോധ്യ ക്ഷേത്ര ഉദ്ഘാടനം
🎬 Watch Now: Feature Video


Published : Dec 28, 2023, 1:45 PM IST
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെ വൈകാരിക പ്രശ്‌നമായി കാണരുതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ (Mullappally Ramachandran On Ayodhya ram temple inauguration). ഈ പ്രശ്‌നത്തെ രാഷ്ട്രീയ, സങ്കുചിത താത്‌പര്യങ്ങൾക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാർ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. ആ സംരംഭത്തിനായി ആരും ഇടപെടരുതെന്ന് വിനയപൂർവ്വം അഭ്യർഥിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന ഏക മതേതര പ്രസ്ഥാനമാണ്. എല്ലാ വിശ്വാസങ്ങളെയും അംഗീകരിച്ച പാരമ്പര്യമുള്ളതുകൊണ്ടാണ് കോൺഗ്രസ് മറ്റ് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതെന്ന സത്യം മറക്കരുത്. ഈ നാടിന്‍റെ ബഹുസ്വരത നിലനിർത്തുന്ന കാര്യത്തിൽ ആവിർഭാവം മുതൽ ഇന്നുവരെ ഉറച്ച നിലപാടെടുത്ത രാഷ്‌ട്രീയ പ്രസ്‌ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്ഷേത്രത്തെ രാഷ്‌ട്രീയ വേദി ആക്കുന്നതിനോട് യോജിപ്പില്ലെന്നാണ് എംപി ശശി തരൂരിന്‍റെ പ്രതികരണം. വ്യക്തികളെയാണ് അയോധ്യ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരിക്കുന്നത്. വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ, സമയവും സാഹചര്യവുമാണ് പ്രധാനമെന്നും ശശി തരൂർ അറിയിച്ചിരുന്നു.