'മുളപ്പിച്ച പയര്‍ വെള്ളത്തില്‍ ഒഴുക്കും'; കാര്‍ഷിക അഭിവൃദ്ധിക്കായുള്ള മുളപാറി ഉത്സവം, ആഘോഷമാക്കി പാറത്തോട്ടിലെ തമിഴ് ജനത
🎬 Watch Now: Feature Video
Published : Dec 30, 2023, 7:53 PM IST
ഇടുക്കി: വരും വര്‍ഷങ്ങളിലെ കാര്‍ഷിക സമൃദ്ധിക്കായി നെടുംകണ്ടം പാറത്തോട്ടിലെ തമിഴ് വംശജര്‍ മുളപാറി ഉത്സവം ആഘോഷിച്ചു. പാറത്തോട് കൈലാസ നാട് ശിവ പാർവ്വതി ക്ഷേത്രത്തിലെ ഉത്സവങ്ങളുടെ ഭാഗമായാണ് മുളപാറി ആഘോഷം സംഘടിപ്പിച്ചത്. വര്‍ഷം തോറും നടത്തി വരാറുള്ള ആഘോഷം വളരെ വിപുലമായാണ് ഇത്തവണയും നടത്തിയത്. മുളപ്പിച്ച പയര്‍ വിത്തുകള്‍ വെള്ളത്തിലൂടെ ഒഴുക്കി വിടുന്നതാണ് മുളപാറി ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഇതിനായി തമിഴ് വംശജരായ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് പയര്‍ വിത്തുകള്‍ പാകി മുളപ്പിച്ചെടുക്കും. മുളപ്പിച്ചെടുത്ത ഈ ചെടികള്‍ ആഘോഷ പൂര്‍വ്വം ഒഴുകുന്ന വെള്ളത്തില്‍ നിക്ഷേപിക്കും. പയര്‍ ചെടികള്‍ വെള്ളത്തില്‍ ഒഴുകി പോകുന്നതിലൂടെ വര്‍ഷം മുഴുവന്‍ കാര്‍ഷിക അഭിവൃദി ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ മുളയ്‌ക്കാനിട്ട പയര്‍ മുളച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയിലും ജീവിതത്തിലും നഷ്‌ടങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇവര്‍ കരുതുന്നത്. പയര്‍ മുളപ്പിച്ചെടുക്കുന്നതിലുമുണ്ട് വ്യത്യസ്‌തത. പല ആകൃതിയിലാണ് ഇവ മുളപ്പിച്ചെടുക്കുക. ശിവന്‍, പാര്‍വ്വതി എന്നിവരുടെ ആകൃതിയില്‍ വിത്ത് മുളപ്പിച്ചെടുക്കുന്നവരുമുണ്ട്. വിവിധ തരത്തില്‍ മുളപ്പിച്ചെടുക്കുന്ന ഈ ചെടികളുമായി പാട്ട് പാടിയും നൃത്തം ചെയ്‌തും കൂട്ടത്തോടെയാണ് ജനങ്ങള്‍ ക്ഷേത്രത്തിലെത്തുക. തുടര്‍ന്നാണ് വെള്ളത്തിലൂടെ ഒഴുക്കി വിടുന്ന ചടങ്ങ്. രാജഭരണ കാലത്ത് ഏലം കൃഷിക്കായി തമിഴ്‌നാട്ടിൽ നിന്നും കൂടിയേറിയവരാണ് പാറത്തോട് നിവാസികള്‍.