MM Mani on digital survey | ഡിജിറ്റൽ ഭൂമി സർവേ, റവന്യു ഉദ്യോഗസ്ഥർ ജനങ്ങൾക്കെതിരെ രേഖകൾ സൃഷ്‌ടിച്ചാൽ ശക്തമായി നേരിടും; എം എം മണി
🎬 Watch Now: Feature Video
ഇടുക്കി: റവന്യു ഉദ്യോഗസ്ഥർ അവർക്ക് തോന്നുംപടി ജനങ്ങൾക്കെതിരെ രേഖകൾ സൃഷ്‌ടിച്ചാൽ അതിനെ ശക്തമായി എതിർക്കുമെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഡിജിറ്റൽ ഭൂമി സർവേയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ സർവേയിൽ ഗവൺമെൻ്റ് നിലപാടിനെതിരെ പ്രവർത്തിക്കുന്ന റവന്യു ഉദ്യോഗസ്ഥന്മാരെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ താമസിക്കുന്ന സ്ഥലം സർവേ ചെയ്‌തിട്ട് ഗവൺമെന്‍റ് ഭൂമിയാണെന്ന് മാറ്റിയാൽ തങ്ങൾ അതിനെ എതിർക്കും. സർവേ നടപടികൾ നടക്കുമ്പോൾ ഭൂമിയിൽ ജനവാസം ഉള്ളതാണെങ്കിൽ അത് ആരുടെ പേരിലാണോ, അത് രേഖപ്പെടുത്തുക തന്നെ വേണം. അതാണ് ഗവൺമെന്‍റ് നിലപാട്. അതിനുള്ള നിർദ്ദേശം റവന്യു വകുപ്പ് മന്ത്രി തന്നെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അത് പാലിക്കാത്ത ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവർക്കെതിരെ ഗവൺമെന്‍റ് തലത്തിൽ നടപടി ഉണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. നിലവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ള നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read : ഡിജിറ്റൽ സർവേ, നാലുവർഷംകൊണ്ട് കേരളത്തെ സമ്പൂർണമായി അളക്കും: റവന്യൂ മന്ത്രി