Minister Antony Raju on VD Satheesan's allegations : വിഡി സതീശൻ കഥ അറിയാതെ ആട്ടം കാണുകയാണ്, കണക്കുകള്‍ ചൊവ്വാഴ്‌ച പുറത്തുവിടും : ആന്‍റണി രാജു - പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗതാഗത മന്ത്രി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 8, 2023, 2:17 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഥ അറിയാതെ ആട്ടം കാണുകയാണെന്ന് മന്ത്രി ആന്‍റണി രാജു. എഐ ക്യാമറ വന്നതിന് ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന വാദം പച്ചക്കള്ളമാണെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (Minister Antony Raju on VD Satheesan's allegations). അഴിമതി മറച്ചുവയ്‌ക്കാന്‍ മന്ത്രി ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചുവെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയ അദ്ദേഹം രാജിവയ്ക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാള പെറ്റെന്ന് കേൾക്കുമ്പോൾ പ്രതിപക്ഷ നേതാവ് കയറെടുക്കുകയാണെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച വിശദമായ കണക്കുകൾ ചൊവ്വാഴ്‌ച (10-10-2023) ചേരുന്ന എഐ ക്യാമറ അവലോകന യോഗത്തിന് ശേഷം വിശദീകരിക്കുമെന്നും അറിയിച്ചു. നിയമസഭയിൽ സർക്കാർ പറഞ്ഞതും ഹൈക്കോടതിയിൽ നൽകിയതുമായ എല്ലാ കണക്കുകളും ശരിയാണ്. പൊലീസിൻ്റെ റെക്കോർഡ്‌സ് വച്ചുകൊണ്ടുതന്നെ ആ കാര്യങ്ങൾ വിലയിരുത്തി കാര്യങ്ങൾ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നാണ് വിഡി സതീശൻ ആരോപിച്ചത്. അപകടങ്ങളില്‍ കുറവുണ്ടായെന്ന വ്യാജ പ്രചരണം സര്‍ക്കാര്‍ നടത്തുന്നത് എഐ ക്യാമറയുടെ പേരില്‍ നടന്ന കൊള്ള മറച്ചുവയ്ക്കാനാണ്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചത് അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ്. വ്യാജകണക്കുകള്‍ നിര്‍മിച്ചത് കോടതിയുടെ പരിഗണനയിലുള്ള കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ്. നിയമസഭാ രേഖകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായെന്നാണ് പറയുന്നത്. ജൂലൈ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായെന്നും 2022 ഓഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളുമാണുണ്ടായതെന്നും വി ഡി സതീശൻ ആരോപിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.