എറണാകുളം: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുൾപ്പടെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തെളിവില്ലന്ന് വിലയിരുത്തി പ്രതികളെ കുറ്റവിമുക്തരാക്കിയത്. മയക്കുമരുന്ന് ഉപയോഗിച്ചതായി ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്. 2015 ജനുവരി മുപ്പത് അർധരാത്രിയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ നാലു മോഡലുകളും ഒപ്പം
കൊക്കയ്‌നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായി എന്നായിരുന്നു കേസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ കേസിൽ രണ്ടു മാസത്തിന് ശേഷമായിരുന്നു ഷൈൻ ടോം ജാമ്യത്തിലിറങ്ങിയത്.
7 ഗ്രാം കോക്കയ്ന്‍ പ്രതികളില്‍ നിന്ന് പിടികൂടിയെന്നായിരുന്നു ആരോപണം. പിടികൂടിയത് കൊക്കെയ്‌നല്ല എന്നായിരുന്നു പ്രതികളുടെ വാദം.
മയക്കുമരുന്ന് പ്രതികൾ ഉപയോഗിച്ചതായി ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതിയും വിലയിരുത്തി. ദേഹപരിശോധനയ് ഉൾപ്പടെ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതും പ്രതികൾക്ക് അനുകൂലമാവുകയായിരുന്നു.
അതേസമയം അന്വേഷണ സംഘത്തിന്‍റെ വീഴ്‌ചയാണ് പ്രതികൾക്ക് അനുകൂലമായതെന്ന വിമർശനമാണുയരുന്നത്. അതേസമയം പത്ത് വർഷത്തിന് ശേഷം ലഹരിക്കേസിൽ കുറ്റ വിമുക്തരാക്കപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഷൈൻ ടോം ചാക്കോ ഉൾപ്പടെ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവർ.