Man missing| വയോധികനെ ദുരൂഹ സാഹചര്യത്തില്‍ പുഴയോരത്ത് കാണാതായി; മുതലയുടെ ആക്രമണമെന്ന് സംശയം - മീനങ്ങാടി പൊലീസ്
🎬 Watch Now: Feature Video
വയനാട്: പുല്ലരിയാൻ പോയ വയോധികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മീനങ്ങാടി മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെയാണ് (55) കാണാതായത്. ഇന്ന് (26.07.23) ഉച്ചകഴിഞ്ഞ് 2.30 ഓടെ കാരാപ്പുഴ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. മുതല പുഴയോരത്ത് കൂടി വലിച്ച് കൊണ്ടുപോയതാകാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പുല്ലരിയാന്‍ പോയ ഭര്‍ത്താവിനെ അന്വേഷിച്ച് പുഴയോരത്തെത്തിയ ഭാര്യയാണ് സുരേന്ദ്രനെ പുല്ലിലൂടെ വലിച്ചുകൊണ്ടു പോയത് കണ്ടത്. ഇവർ ഉടൻ ബോധരഹിതയായി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സും മീനങ്ങാടി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് തെരച്ചിലിന് വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് കാരാപ്പുഴ ഡാമിന്‍റെ ഷട്ടറുകൾ താത്ക്കാലികമായി അടച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പുഴകളിലെല്ലാം ജലനിരപ്പ് അപകടാംവിധം ഉയര്‍ന്നിട്ടുണ്ട്.