VIDEO | ലിഫ്‌റ്റ് തകരാർ; രോഗിയുടെ മൃതദേഹം ആശുപത്രിക്ക് താഴെ എത്തിച്ചത് ചുമട്ട് തൊഴിലാളികൾ - മൃതദേഹം ചുമന്ന് ചുമട്ട് തൊഴിലാളികൾ
🎬 Watch Now: Feature Video
കാസർകോട് : ലിഫ്‌റ്റ് തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയായ രോഗിയുടെ മൃതദേഹം ആശുപത്രിക്ക് താഴെ എത്തിച്ചത് ചുമട്ട് തൊഴിലാളികൾ. ലിഫ്‌റ്റ് പ്രവർത്തന രഹിതമായി ഒരു മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മൃതദേഹം ചുമട്ടു തൊഴിലാളികൾ താഴെ എത്തിച്ചത്. ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് ബന്ദിയോട് സ്വദേശി മരിച്ചത്.
തുടർന്ന് അഞ്ചാം നിലയിൽ നിന്ന് ചുമട്ടുതൊഴിലാളികൾ ചുമന്ന് താഴെയെത്തിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജനറൽ ആശുപത്രിയിൽ ലിഫ്‌റ്റ് തകരാറിലായതിനെ തുടർന്ന് രോഗിയെ ചുമട്ടു തൊഴിലാളികൾ സ്‌ട്രെച്ചറിൽ ചുമന്ന് താഴെയെത്തിച്ച സംഭവം വലിയ വിവാദമായിരുന്നു. അന്ന് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌ത രോഗിയെ ആയിരുന്നു ചുമട്ടു തൊഴിലാളികൾ ചുമന്ന് താഴെ എത്തിച്ചത്.
ജനറൽ ആശുപതിയിലെ ലിഫ്‌റ്റ് തകരാർ സംബന്ധിച്ച് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കാസർകോട് എത്തിയപ്പോൾ പ്രതികരിച്ചിരുന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹെൽത്ത് സർവീസ് ഡയറക്‌ടർക്ക് നിർദേശവും നൽകിയിരുന്നു. പിന്നാലെയാണ് വീണ്ടും സംഭവം ആവർത്തിച്ചത്.
ഇതോടെ വലിയ പ്രതിഷധമാണ് ഉയരുന്നത്. ഒരു മാസം മുൻപ് പ്രവർത്തന രഹിതമായ ലിഫ്‌റ്റ് നന്നാക്കാൻ ഇനിയും ആശുപത്രി അധികൃതർക്ക് സാധിക്കാത്തതാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്‌ക്കുന്നത്. തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന ആരോപണവുമായി നേരത്തെ സ്ഥലം എംഎൽഎ എൻ.എ നെല്ലിക്കുന്നും രംഗത്തെത്തിയിരുന്നു. അതേസമയം സംഭവം വീണ്ടും വിവാദമായ പശ്ചാത്തലത്തിൽ ലിഫ്‌റ്റ് രണ്ടാഴ്‌ച കൊണ്ട് പ്രവർത്തനയോഗ്യമാക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.