ജനുവരി 9ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ ; പ്രതിഷേധം ഗവർണർ ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്തതിൽ - LDF Idukki Hartal
🎬 Watch Now: Feature Video
Published : Jan 7, 2024, 12:49 PM IST
ഇടുക്കി: ജനുവരി 9ന് ജില്ലയിൽ എൽ ഡി എഫ് ഹർത്താൽ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാജ്ഭവനിലേക്ക് മാർച്ച് നടത്താനും എൽ ഡി എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പതിനായിരത്തോളം ആളുകളെ അണിനിരത്തിയുള്ള മാർച്ചാണ് തീരുമാനിച്ചത്. ജനുവരി 9 ന് ഇടുക്കി ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ 'കാരുണ്യ'ത്തിന്‍റെ ഉദ്ഘാടനം തൊടുപുഴയിൽ ഗവർണർ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. അതേദിവസം ഇടുക്കി ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള ഗവർണറുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് ഇടുക്കി ജില്ല കൺവീനർ കെ കെ ശിവരാമൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും, ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ സംസ്ഥാനത്തിനെതിരാണെന്നും കെ കെ ശിവരാമൻ പറഞ്ഞു.