മുംബൈ (മഹാരാഷ്ട്ര): ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മഹായുതി സർക്കാരിലെ മന്ത്രിമാർക്കുള്ള ചുമതലകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തരം, നിയമം, നിയമനിർമാണം എന്നീ വകുപ്പും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നഗര വികസനം, പാർപ്പിടം, പൊതു പ്രവർത്തനം എന്നിവയ്ക്കുള്ള ചുമതലയാണ് നൽകിയത്. എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യം, ആസൂത്രണം, എക്സൈസ് എന്നീ വകുപ്പുകളാണ് നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഓരോരുത്തർക്കും ചുമതലകൾ പ്രഖ്യാപിച്ചത്. ഊർജം (റിന്യൂവബിൾ എനർജി ഒഴികെ), ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി, വകുപ്പുകൾ എന്നിവ ഫഡ്‌നാവിസ് നിലനിർത്തി. പങ്കജ മുണ്ടെക്ക് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, മൃഗസംരക്ഷണം എന്നിവ നൽകി. മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയും ആറ് സഹമന്ത്രിമാരുമുൾപ്പെടെ 36 ക്യാബിനറ്റ് മന്ത്രിമാരാണുള്ളത്.
മറ്റ് നേതാക്കളിൽ, ചന്ദ്രശേഖർ പ്രഭാവതി കൃഷ്‌ണറാവു ബവൻകുലെ - റവന്യു, ഹസൻ സക്കീന മിയാലാൽ മുഷ്‌രിഫ് - മെഡിക്കൽ വിദ്യാഭ്യാസം, ചന്ദ്രകാന്ത് സരസ്വതി ബച്ചു പട്ടീൽ - ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, പാർലമെൻ്ററികാര്യം എന്നിവ അനുവദിച്ചു.
ഗിരീഷ് ഗീത ദത്താത്രയ മഹാജൻ - ജലവിഭവം (വിധർഭ, താപി, കൊങ്കൺ വികസന കോർപ്പറേഷൻ), ദുരന്തനിവാരണ വകുപ്പ് എന്നിവ നൽകി. ദാദാജി രേഷ്‌മാഭായി ദഗദുജി ഭൂസെ - സ്‌കൂൾ വിദ്യാഭ്യാസ മേഖല, അദിതി വരദ സുനിൽ തത്‌കരെയ്ക്ക് വനിതാ - ശിശു വികസനം, മണിക് റാവു സരസ്വതി ശിവാജി കൊക്കാട്ടെക്ക് കൃഷി വകുപ്പും അനുവദിച്ചു.
ഡിസംബർ 5ന് ഫഡ്‌നാവിസും അദ്ദേഹത്തിൻ്റെ രണ്ട് ഡെപ്യൂട്ടി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ഡിസംബർ 15ന് 39 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചു. ചന്ദ്രശേഖർ ബവൻകുലെ, രാധാകൃഷ്‌ണ വിഖെ പട്ടീൽ, ചന്ദ്രകാന്ത് പട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾപ്രഭാത് ലോധ, ജയകുമാർ റാവത്ത്, പങ്കജ മുണ്ടെ, അതുൽ സാവേ, അശോക് ഉയികെ, ആശിഷ് ഷെലാർ, ശിവേന്ദ്ര രാജെ ഭോസാലെ, ജയ്‌കുമാർ ഗോരെ, സഞ്ജയ് സാവ്കറെ, നിതേഷ് റാണെ, ആകാശ് പുണ്ട്കർ എന്നിവരാണ് ബിജെപിയിൽ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാർ.
ഡിസംബർ 15ന് സത്യപ്രതിജ്ഞ ചെയ്‌ത ശിവസേന നേതാക്കളായ ഗുലാബ് പട്ടീൽ, ദാദാ ഭൂസെ, സഞ്ജയ് റാത്തോഡ്, ഉദയ് സാമന്ത്, ശംഭുരാജെ ദേശായി, സഞ്ജയ് ഷിർസാത്ത്, പ്രതാപ് സർനായിക്, ഭരത്ഷേത് ഗോഗവാലെ, പ്രകാശ് അബിത്കർ എന്നിവരും മറ്റ് ക്യാബിനറ്റ് മന്ത്രിമാരിൽ ഉൾപ്പെടുന്നു.
ഹസൻ മുഷ്‌രിഫ്, ധനഞ്ജയ് മുണ്ടെ, ദത്ത ഭരണെ, അദിതി തത്‌കരെ, മണിക്‌റാവു കൊക്കട്ടെ, നർഹാരി ജീർവാൾ, മൻകരന്ദ് ജാദവ് പട്ടീൽ, ബാബാസാഹേബ് പട്ടീൽ എന്നിവരാണ് സംസ്ഥാന മന്ത്രിസഭയിലെ എൻസിപി നേതാക്കൾ.
ബിജെപിയുടെ മാധുരി മിസൽ, പങ്കജ് ഭോർ, മേഘ്‌ന ബോർഡിക്കർ, ശിവസേനയുടെ ആശിഷ് ജയ്‌സ്വാൾ, യോഗേഷ് കദം, എൻസിപിയുടെ ഇന്ദ്രൻ നായിക് എന്നിവരും സത്യപ്രതിജ്ഞ ചെയ്‌ത ആറ് സംസ്ഥാന മന്ത്രിമാരിൽ ഉൾപ്പെടുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകളോടെയാണ് വിജയിച്ചത്.
Also Read: പുത്തരിച്ചോറും ബോട്ട് യാത്രയും.. അവധിക്കാലം കാസർകോട് ചെലവഴിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി