ഇടുക്കിയിലെ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാൻ സാധ്യത; സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ
🎬 Watch Now: Feature Video
ഇടുക്കി : 2025-ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടുക്കി ജില്ലയിലെ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാൻ സാധ്യത. ജില്ലയിൽ വിഭജനം കാത്തു കഴിയുന്നത് എട്ടോളം പഞ്ചായത്തുകളാണ്. മൂന്ന് പഞ്ചായത്തുകൾ നഗരസഭയാക്കുവാനും കാത്തിരിക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ശുപാര്‍ശയിലാകും പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.
വലിയ ഗ്രാമപഞ്ചായത്തുകള്‍ വിഭജിച്ചു പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുക, നഗര സ്വഭാവമുള്ള പഞ്ചായത്തുകള്‍ നഗരസഭകളാക്കി മാറ്റുക, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്‌ടര്‍ അധ്യക്ഷനും പഞ്ചായത്ത് ഡയറക്‌ടര്‍ കണ്‍വീനറുമായ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പായി പഞ്ചായത്ത് വിഭജനം ആലോചിച്ചിരുന്നെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ആശങ്ക നിലനിന്നിരുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും വിഭജന നിര്‍ദേശങ്ങള്‍ ഉണ്ടായെങ്കിലും നടന്നില്ല. വിഭജനം സംബന്ധിച്ച് അന്നു തീരുമാനങ്ങളുണ്ടായെങ്കിലും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു. വിഭജനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ തീരുമാനം തന്നെ ഉപേക്ഷിക്കുകയായിരുന്നു. 1995ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലയളവ് മുതല്‍ വിഭജന നിര്‍ദേശം ഉയര്‍ന്നുവരുന്നുമുണ്ട്.