എസ്‌എഫ്ഐ ആൾമാറാട്ടത്തില്‍ കെഎസ്‌യു പ്രതിഷേധം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു - എസ്‌എഫ്ഐ ആൾമാറാട്ടത്തില്‍ കെഎസ്‌യു പ്രതിഷേധം

🎬 Watch Now: Feature Video

thumbnail

By

Published : May 17, 2023, 4:13 PM IST

തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് നോമിനേഷനിടെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കേരള സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാറുടെ മുറിയിലെത്തിയ കെഎസ്‌യു പ്രവർത്തകർ തെരഞ്ഞെടുപ്പ് നോമിനേഷൻ നൽകിയിരുന്നു. തുടർന്ന് കേരള സർവകലാശാല തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്ട്രാർക്ക് കൈമാറിയ യുയുസിമാരുടെ ലിസ്റ്റിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യുയുസിയുടെ പേര് മാറ്റി നൽകിയത് സ്ക്രൂട്ടണിയിൽ പരിശോധിക്കണമെന്ന് അവശ്യപ്പെട്ടു. 

ഇതേ തുടർന്ന് കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം കന്‍റോൺമെന്‍റ് പൊലീസ് തടഞ്ഞത് സംഘർഷത്തില്‍ കലാശിച്ചു. രജിസ്ട്രാറുടെ മുറിയിലേക്കുള്ള വഴിയിലെ ഗേറ്റ് പൊലീസ് പൂട്ടിയതോടെ പ്രവർത്തകർ യൂണിവേഴ്സിറ്റി കാമ്പസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിന് പിന്നാലെ എസ് എഫ് ഐ പ്രവർത്തകരും എത്തിയിരുന്നു. ഇവരെയും പൊലീസ് അകത്തു പ്രവേശിപ്പിച്ചിരുന്നില്ല. ഇതോടെ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി അറിയിപ്പ് വന്നു.  

ആൾമാറാട്ടമെന്ന് പരാതി: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യുയുസിയുടെ പേര് മാറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ രാവിലെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച മൂന്നാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകയുമായ അനഘയുടെ പേര് മാറ്റി ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയും എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ വിശാഖിന്‍റെ പേര് കൃത്രിമമായി ചേര്‍ത്തുവെന്നാണ് പരാതി. 

ഈ കഴിഞ്ഞ ഡിസംബര്‍ മാസമായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യുയുസി) ജയിച്ചത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം വിശാഖിന്‍റെ പേര് വന്നുവെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത് എന്നാണ് ആരോപണം. 

ഈ വരുന്ന 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താനിരുന്നത്. കോളജുകളില്‍ നിന്നും ജയിച്ചുവരുന്ന യുയുസിമാരില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. 171 യുയുസിമാരാണ് കേരള സര്‍വകലാശാലയില്‍ ഉള്ളത്. തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടവും കൃത്രിമവും നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.