Video | കിഴക്കേക്കോട്ടയില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു - ബസ് വെയിറ്റിങ് ഷെഡിന് സമീപം തീപിടിത്തം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18282903-thumbnail-16x9-fire.jpg)
തിരുവനന്തപുരം : കിഴക്കേക്കോട്ടയിലെ ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ കടകളില്‍ വന്‍ തീപിടിത്തം. സമീപത്തെ ചായക്കടയിലെ എല്‍പിജി സിലിണ്ടര്‍ മാറ്റിവയ്‌ക്കുന്നതിനിടെ പൊട്ടിത്തെറിച്ചതോടെയാണ് തീപടര്‍ന്നത്. ഫയർഫോഴ്‌സിന്‍റെ അഞ്ച് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തിയാണ് അഗ്‌നി നിയന്ത്രണവിധേയമാക്കിയത്.
കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിന്‍റെ നോർത്ത് ഭാഗത്തെ വെയിറ്റിങ് ഷെഡിലാണ് ഇന്ന് രാവിലെ 11.30ന് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. മൊബൈൽ ഫോണ്‍, ബേക്കറി ഉള്‍പ്പെടെയാണ് അഞ്ച് കടകള്‍ കത്തിനശിച്ചത്. പരിസരത്താകെ പുക പടർന്നതോടെ കൂടുതല്‍ കടകളിലേക്ക് തീപടരുമോയെന്ന ആശങ്ക നിലനിന്നിരുന്നു. ദീർഘദൂര ബസുകൾ അടക്കം ഈ ബസ് വെയിറ്റിങ് ഷെഡിലാണ് നിര്‍ത്തുന്നത്.
'അപകടം വീഴ്‌ചയെ തുടര്‍ന്ന്': തീപിടിത്തമുണ്ടായപ്പോൾ തന്നെ നാട്ടുകാരുടെ ഏകീകൃതമായ പ്രവർത്തനവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതും അപകടത്തിന്‍റെ ആഘാതം കുറച്ചു. സുരക്ഷാക്രമീകരണങ്ങളിൽ അടക്കം വീഴ്‌ച സംഭവിച്ചതാണ് അപകടകാരണമെന്ന് അസിസ്റ്റന്‍റ് കമ്മിഷണർ ഷാജി എസ് പറഞ്ഞു. പുതിയ ഗ്യാസ് സിലിണ്ടർ മാറ്റി വയ്‌ക്കുന്നതിനിടെ അശ്രദ്ധയുണ്ടായതാണ് തീപിടിത്തത്തിന് കാരണമായത്. പൊട്ടിത്തെറിയ്‌ക്ക് മുൻപ് തന്നെ സമീപത്ത് നിന്നും ആളുകളെല്ലാം മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. തീ ആദ്യം പടർന്ന കടയിൽ ഈ സമയത്ത് നിരവധി പേർ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നു.
ചാക്ക, ചെങ്കൽച്ചൂള ഭാഗത്ത് നിന്നാണ് ഫയർഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത്. മന്ത്രിമാരായ ആന്‍റണി രാജു, വി ശിവൻകുട്ടി അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തുകയും രക്ഷപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു. കെഎസ്ആർടിസി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർ സന്ദർഭോചിതമായി പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായെന്ന് ആന്‍റണി രാജു പറഞ്ഞു. ജില്ല കലക്‌ടറോടും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരോടും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു.