Khadi Labours Network ട്രെന്‍ഡി ഡിസൈനുകളും ഓണ്‍ലൈന്‍ വില്‍പ്പനയുമായി ഖാദി ബോർഡ് - ഖാദി ലേബേഴ്‌സ് നെറ്റ്‌വര്‍ക്ക്
🎬 Watch Now: Feature Video
Published : Oct 25, 2023, 2:19 PM IST
തിരുവനന്തപുരം: ഖാദി വസ്ത്രങ്ങളില്‍ പുതിയ ഡിസൈനുകള്‍ കൊണ്ടുവരുന്നതിനും ഓണ്‍ലൈന്‍ വില്‍പനയുടെ പ്രചരണത്തിനുമായി ഖാദി ലേബേഴ്‌സ് നെറ്റ്‌വര്‍ക്ക് എന്ന കൂട്ടായ്‌മ രൂപീകരിക്കാനൊരുങ്ങി ഖാദി ബോര്‍ഡ്. നെറ്റ്‌വര്‍ക്കിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വസ്‌ത്രങ്ങള്‍ വാങ്ങി അവരവരുടെ അഭിരുചിയ്‌ക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത് ഖാദി ബോര്‍ഡിന് കീഴില്‍ ഓണ്‍ലൈനായും ഖാദി സൗഭാഗ്യ വഴിയും വില്‍പന നടത്താം. ഇതിനായി ഖാദി സൗഭാഗ്യകള്‍ക്ക് ലഭിക്കുന്നത് പോലെ 13 ശതമാനം മാര്‍ജിനില്‍ ലേബേഴ്‌സ് കൂട്ടായ്‌മയിലുള്ളവര്‍ക്കും വസ്ത്രം ലഭിക്കും. ഖാദി ബോര്‍ഡിന് കീഴില്‍ നിന്നും വാങ്ങുന്ന തുണിത്തരങ്ങള്‍ മാത്രമെ ഈ നെറ്റ്‌വര്‍ക്ക് വഴി വിതരണം ചെയ്യുകയുള്ളൂ. പ്രത്യേക രജിസ്‌ട്രേഷന്‍ നടപടികളിലൂടെ വീട്ടമ്മമാരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് കൂട്ടായ്‌മ രൂപീകരിക്കുക. നിലവില്‍ ഖാദി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയ്ക്കായി ഫ്ലിപ്‌കാര്‍ട്ടുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ബോര്‍ഡ് ഭാവിയില്‍ സ്വന്തമായി പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. പുതിയ കൂട്ടായ്‌മയിലൂടെ കൂടുതല്‍ വ്യത്യസ്‌തമായ ഡിസൈനുകള്‍ ഖാദിയിലെത്തുമെന്നും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വരുമാന മാര്‍ഗമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടായ്‌മയിലെ രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കുമായി 9447946691 എന്ന നമ്പറില്‍ ബന്ധപ്പെടുക.