സംസ്ഥാന സ്‌കൂള്‍ കലോത്സവം : മത്സരാര്‍ഥികള്‍ക്ക് സൗജന്യ യാത്ര, സര്‍വീസ് നടത്തുക 30 ഓട്ടോറിക്ഷകള്‍
🎬 Watch Now: Feature Video
Published : Jan 4, 2024, 9:44 AM IST
കൊല്ലം : ഇന്ന് (ജനുവരി 4) തിരിതെളിയുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരാര്‍ഥികളുടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി സൗജന്യ ഓട്ടോ സര്‍വീസിന് തുടക്കമായി. ചിന്നക്കട റെസ്റ്റ് ഹൗസ് അങ്കണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി സൗജന്യ ഓട്ടോ സര്‍വീസ് ഉദ്‌ഘാടനം ചെയ്‌തു. ഇന്നലെ (ജനുവരി 3) ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്നും ക്രേവൻ എൽഎംഎസ് ഹൈസ്‌കൂളിലേക്ക് ഓട്ടോയില്‍ സഞ്ചരിച്ചാണ് മന്ത്രി സര്‍വീസ് ഉദ്‌ഘാടനം ചെയ്‌തത്. ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 30 എണ്ണമാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത് (Free Auto Service In Kollam). മത്സര ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് സേവനം. താമസ കേന്ദ്രങ്ങളിലേക്കും മത്സര വേദികളിലേക്കുമാണ് സേവനം ലഭ്യമാവുക. ജില്ല സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് എക്‌സ് ഏണസ്റ്റ്, കൊല്ലം കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സവാദ്, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് (ജനുവരി 4) രാവിലെ 10 മണിയോടെയാണ് ആശ്രാമം മൈതാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയുക (Kerala State School Kalolsavam 2024). മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.