600 പവൻ കാണാനില്ല, ദുരൂഹത നീക്കാൻ പ്രവാസി വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി - പൂച്ചക്കാട് ജുമാ മസ്‌ജിദ്
🎬 Watch Now: Feature Video
കാസർകോട് : പൂച്ചക്കാട് സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്‌ദുൽ ഗഫൂറിന്‍റെ ദുരൂഹ മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. ഏപ്രിൽ 14ന് പുലർച്ചെയാണ് ഗഫൂറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച മകൻ മുസമ്മലിന്‍റെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പൂച്ചക്കാട് ജുമാ മസ്‌ജിദ് ഖബറിടം കുഴിച്ച് മൃതദേഹം പുറത്തെടുത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഹൃദയസ്‌തംഭനം മൂലമാണ് മരണം എന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഗഫൂറിന്‍റെ മൃതദേഹം ഖബറടക്കുകയായിരുന്നു. അതിനിടെയാണ് വീട്ടിലെ 600 പവൻ സ്വർണവും നഷ്‌ടമായി എന്ന് കണ്ടെത്തിയത്.
ഇതോടെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും ആർഡിഒയുടെ അനുവാദത്തോടെ പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. മരണത്തിൽ അടിമുടി ദുരൂഹത ഉണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. പോസ്റ്റുമോർട്ടത്തിലൂടെ മരണ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അബ്‌ദുൽ ഗഫൂറിന്‍റെ കുടുംബം. മരണകാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മറ്റു പരാതികളിൽ അന്വേഷണം നടക്കുന്നുവെന്നും ബേക്കൽ പൊലീസ് പറയുന്നു.
ഗൾഫിൽ വിവിധയിടങ്ങളിൽ പങ്കാളിത്തമായും അല്ലാതെയും ഒട്ടേറെ സൂപ്പർമാർക്കറ്റുകളുടെ ഉടമയായ അബ്‌ദുൽ ഗഫൂർ മൂന്ന് മാസത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വരെ ഇദ്ദേഹം പലരിൽ നിന്നായി സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. സ്വർണം കടമായി വാങ്ങിയെന്ന് ചില ബന്ധുക്കളും സുഹൃത്തുക്കളും വന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്.
സാമ്പത്തികമായി വളരെ മെച്ചപ്പെട്ട സ്ഥിതിയിലുള്ള ആൾ എന്തിനാണ് ഇത്രയും സ്വർണം ശേഖരിച്ചതെന്ന ചോദ്യവും ഉയരുന്നു. സ്വർണം ഇരട്ടിപ്പിക്കൽ സംഘത്തിന് കേസിൽ ബന്ധമുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുക്കളെയും ഒരു സ്ത്രീയെയും അടക്കം പൊലീസ് ചോദ്യം ചെയ്‌തു.
അബ്‌ദുൽ ഗഫൂറിന് സ്വന്തമായുള്ളതും പലരിൽ നിന്ന് വാങ്ങിയതുമായ 600 പവൻ സ്വർണം കാണാനില്ലെന്നാരോപിച്ച് വീട്ടുകാർ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.