Kasaragod Rain | മഴക്കെടുതിയിൽ വ്യാപക നാശനഷ്‌ടം; വീരമലക്കുന്ന് മണ്ണിടിച്ചിൽ രൂക്ഷം, ജൂലൈ 7 വരെ യാത്ര നിയന്ത്രണം - Kasaragod Heavy rain causes widespread damage

🎬 Watch Now: Feature Video

thumbnail

By

Published : Jul 6, 2023, 10:46 AM IST

കാസർകോട്: മഴക്കെടുതിയിൽ കാസർകോട് വ്യാപക നാശനഷ്‌ടം. 61 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. ഇന്നലെ മാത്രം 17 വീടുകളാണ് തകര്‍ന്നത്. കാസർകോട് താലൂക്കിൽ 10, ഹൊസ്‌ദുർഗ് താലൂക്കിൽ അഞ്ച്, മഞ്ചേശ്വരം താലൂക്കിൽ രണ്ട് എന്നിങ്ങനെയാണ് ഇന്നലെ നാശനഷ്‌ടമുണ്ടായ വീടുകളുടെ കണക്ക്.

അടുക്കത്തുവയലിൽ വീശിയടിച്ച കാറ്റിൽ വ്യാപക കൃഷി നാശമുണ്ടായി. ഇവിടെ, മരം കടപുഴകി വീണ് തടസപ്പെട്ട വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ദുരിതത്തിലായി. കൊപ്പലും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. 300ലധികം കുടുംബങ്ങൾ ഇന്നലെയും ഇന്നും ഇരുട്ടിലാണ്. ജില്ലയില്‍, 22 വൈദ്യുതി തൂണുകളും ഒരു ട്രാൻസ്ഫോമറുമാണ് മരം വീണ് തകർന്നത്.

കടൽക്ഷോഭം ചെറുക്കാൻ തടയണ: കാസർകോട് തൃക്കണ്ണാട് കടൽക്ഷോഭം ചെറുക്കാൻ മത്സ്യത്തൊഴിലാളികൾ തടയണ നിർമിച്ചു. അധികൃതർ ഇടപെടുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് മത്സ്യത്തൊഴിലാളികളുടെ മാതൃകാപ്രവര്‍ത്തനം. തൃക്കണ്ണാട് പ്രദേശത്ത് ഇന്നലെ രണ്ട് വീടുകളാണ് തകർന്നത്. കാസർകോട് മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി. ഇന്നലെ രാത്രി പെയ്‌ത മഴയിലാണ് വെള്ളം കയറിയത്. ദേശീയ പാതയിലേക്ക് വീരമലക്കുന്നിന്‍റെ ഭാഗങ്ങള്‍ വീണ്ടും ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.

നാളെ വൈകുന്നേരം ആറുവരെ ദേശീയ പാത 66ൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിന് ജില്ല കലക്‌ടര്‍ ഉത്തരവിട്ടു. വീരമലക്കുന്ന് മണ്ണിടിച്ചിൽ രൂക്ഷമായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഇരുചക്രവാഹനങ്ങൾ, കാർ, ബസ്, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള യാത്ര വാഹനങ്ങൾ കോട്ടപ്പുറം പാലം റോഡ് വഴി ചെറുവത്തൂരിലേക്ക് തിരിച്ചുവിടണമെന്ന് നിര്‍ദേശമുണ്ട്. മറ്റ് വാഹനങ്ങൾ ദേശീയ പാതയിൽ കൂടി തന്നെ കടന്നുപോകണമെന്നും കലക്‌ടര്‍ ഉത്തരവിട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.