വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തിൽ കർണാടക സ്വദേശി മരിച്ചു - പോത്തിന്‍റെ ആക്രമണം
🎬 Watch Now: Feature Video
കാസർകോട്: മൊഗ്രാൽ പുത്തൂരിൽ വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കർണ്ണാടക സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കർണാടക ചിത്രദുർഗ സ്വദേശിയാണ് മരിച്ച സാദിഖ്. വിരണ്ടോടിയ പോത്ത് മൂന്ന് മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഒടുവിൽ പോത്തിനെ പിടിച്ചുകെട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാദിഖിന് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലും ഓടിയെത്തിയ പോത്ത് ഇവിടെയും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. വാഹനങ്ങളും തകർത്തു. 25 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടുമുറ്റത്തും കയറി പോത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുത്തേക്ക് അടുക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോര്‍സും കയറുകളുമായി പോത്തിനെ കീഴ്‌പ്പെടുത്തി ഉടമസ്ഥന് കൈമാറുകയായിരുന്നു.