ഒന്നര ലക്ഷത്തിന് വാങ്ങിയ കാളയെ വിറ്റത് 9 ലക്ഷത്തിന്..!; കര്‍ണാടക 'ജാഗ്വാര്‍' ഇനി തമിഴ് മണ്ണില്‍ വിലസും - കര്‍ണാടക ജാഗ്വാര്‍ ഇനി തമിഴ് മണ്ണില്‍ വിലസും
🎬 Watch Now: Feature Video
മാണ്ഡ്യ: ജീവന്‍ - മരണ പോരാട്ടത്തിന് വേദിയാകുന്ന, കാളയോട്ട മത്സരമെന്നത് കര്‍ണാടകയ്‌ക്ക് ഒരു ലഹരിയാണ്. യുഗാദി, ദീപാവലി, സംക്രാന്തി ദിനങ്ങളിലാണ് സാധാരണഗതിയില്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കാളയോട്ട മത്സരം നടക്കാറുള്ളത്. അതിനായി എത്ര ലക്ഷങ്ങള്‍ ചെലവാക്കാനും കാളകളെ ഒരുക്കിയെടുക്കാനും കന്നഡ മണ്ണിലുള്ളവര്‍ നൂറുവട്ടം റെഡിയാണ്. വരാനിരിക്കുന്ന കാളയോട്ട മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കന്നഡ ഭൂമിക. അതിന്‍റെ ഭാഗമായി 9.20 ലക്ഷം രൂപയ്ക്ക് ഒരു കാളയെ വിറ്റ വാര്‍ത്തയാണ് പുറത്തുവരുന്നത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം സ്വദേശി നവീനാണ്, ഹള്ളികാർ ഇനത്തില്‍പ്പെട്ട തന്‍റെ കാളയെ വിറ്റ് 'ലക്ഷപ്രഭു'വായത്. കാളയോട്ട മത്സരം നന്നായി ഇഷ്‌ടപ്പെടുന്ന ആളാണ് നവീന്‍. ഈ ഇഷ്‌ടക്കൂടുതല്‍ തന്നെയാണ് അദ്ദേഹത്തിന് മത്സര കാളകളെ വളര്‍ത്താന്‍ പ്രചോദനമായത്. ഒന്നര വർഷം മുന്‍പ്, മാണ്ഡ്യയിലെ ഇന്ദുവാലു ഗ്രാമത്തിലെ അജിത്തിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്കാണ് നവീന്‍ കാളയെ വാങ്ങിയത്. വേഗത്തിൽ ഓടാൻ കാളയെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് മാത്രമല്ല, നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്‌തിട്ടുമുണ്ട്. സ്വന്തം സംസ്ഥാനത്ത് മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലടക്കം മിടുക്ക് കാണിക്കാനും ഈ കാളയ്‌ക്ക് കഴിഞ്ഞു. 'ജാഗ്വാർ' എന്നാണ് നവീൻ ഈ കാളയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ്‌നാട് കോയമ്പത്തൂരിലെ കർഷകനാണ് നവീനിന്‍റെ 'ജാഗ്വാറി'നെ വാങ്ങിയത്.