കൊടുംവേനലിലും വറ്റാത്ത നീരുറവയായി 'കമല നീരാഴി'; വെള്ളം ലഭിക്കുന്നത് 300 കുടുംബങ്ങൾക്ക്
🎬 Watch Now: Feature Video
കോട്ടയം: കടുത്ത വേനലിൽ 300 കുടുംബങ്ങൾക്ക് ആശ്വാസം നൽകി വറ്റാത്ത നീരുറവയായി കമല നീരാഴി. കോട്ടയം പള്ളത്ത് രാജഭരണകാലത്ത് നിർമിച്ച താമരയിതളിന്‍റെ ആകൃതിയിലുള്ള കുളമാണ് കമല നീരാഴി. തെക്കുംകൂർ രാജാക്കന്മാർക്ക് നീരാടാൻ നിർമിച്ചതാണ് ഈ കുളമെന്നാണ് പറയപ്പെടുന്നത്.
താമരയിതളുകളുടെ ആകൃതിയും ജല സമൃദ്ധിയും കൊണ്ടാണ് കമല നീരാഴി എന്ന പേര് സിദ്ധിച്ചത്. കുളത്തിന് 500 വർഷത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വലിയ വിസ്‌താരത്തിൽ ചുറ്റുപാടും വെട്ടുകല്ല് നിരത്തി അടുക്കിയാണ് താമരയിതളുകളുടെ ആകൃതിയിൽ കുളത്തിന്‍റെ ചുറ്റുമതില്‍ ഒരുക്കിയിരിക്കുന്നത്. വേനലിൽ കുളത്തിലെ ജലനിരപ്പ് താഴ്‌ന്നുവെങ്കിലും ജലവിതരണം ഇപ്പോഴും നടത്തുന്നുണ്ട്.
ഉറവയുള്ളതിനാൽ വെള്ളം തീർത്തും വറ്റാറില്ലായെന്നാണ് സമീപവാസികൾ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് രാജകുടുംബം കുളം വാട്ടർ അതോറിറ്റിക്ക് കൈമാറുകയായിരുന്നു. നഗരസഭയ്ക്കാണ് നിലവിൽ കുളത്തിന്‍റെ ഉടമസ്ഥാവകാശം. കോട്ടയം നഗരസഭയിലെ 40ാം വാർഡിലാണ് ചരിത്രം പേറുന്ന ഈ കുളം സ്ഥിതിചെയ്യുന്നത്. വാർഡ് തല സമിതിയുടെ നേതൃത്വത്തിലാണ് ജലവിതരണം നടത്തുന്നത്.
വെള്ളം വേണ്ട ഓരോ കുടുംബവും 100 രൂപ വീതം നൽകണം. വെള്ളക്കരവും മീറ്ററും ഇല്ല. രാവിലെ എട്ടുമുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് ജലവിതരണം. നിലവിൽ തങ്കമ്മ എന്ന വീട്ടമ്മയാണ് പമ്പ് ഓപ്പറേറ്റർ. ഭർത്താവിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ ജോലി തങ്കമ്മ ഏറ്റെടുക്കുകയായിരുന്നു. വേനലിൽ നാടെങ്ങും കുടിവെള്ളത്തിന് ബുദ്ധിമുട്ടുമ്പോൾ ഇന്നും നാട്ടിലെ പ്രധാന ജലവിതരണ സംവിധാനങ്ങളിലൊന്നായി പ്രവർത്തിക്കുകയാണ് കമല നീരാഴി.