'ട്രെയിന്‍ തീവയ്‌പ്പില്‍ വലിയ ദുരൂഹത, ബാഹ്യ ശക്തികളുടെ ഇടപെടൽ അന്വേഷിക്കണം' : കെ സുരേന്ദ്രൻ

🎬 Watch Now: Feature Video

thumbnail

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ തീവയ്‌പ്പിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാടിനെ ആകെ നടുക്കിയ ദുരന്തമാണ് ഉണ്ടായത്. കേരളത്തിൽ ഇത്രയും വലിയ തോതിലുള്ള ആക്രമണം തീവണ്ടിക്കകത്ത് നടക്കുന്നത് ഇതാദ്യമായാണ്. ആക്രമണത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

അക്രമിയെ ഒരാൾ കൂട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായോ എന്ന സംശയം ഇതോടെ ഉയരുന്നു. ആക്രമണത്തില്‍ വിധ്വംസക ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണം. നമ്മുടെ രാജ്യത്ത് വലിയ തോതിൽ അത്തരത്തിലുള്ള ശക്തികൾ പ്രവർത്തിക്കുന്ന സ്ഥലമാണ് കേരളമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് അജ്ഞാതനായ ഒരാൾ കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ സഹയാത്രികരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീവച്ചത്. സംഭവത്തിൽ ഒമ്പത് പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൂടാതെ, റെയിൽവേ ട്രാക്കിൽ നിന്ന് രണ്ട് വയസുകാരി ഉൾപ്പെടെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ട്രെയിനിനുള്ളിൽ തീപടർന്നപ്പോൾ പ്രാണരക്ഷാർഥം ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. 

ട്രെയിനിൽ തീ പടർന്നതോടെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ ട്രാക്കിൽ നിന്നും അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി. ബാഗിൽ നിന്ന് ലഭിച്ച തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും രേഖാചിത്രത്തിന്‍റെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.