K Sudhakaran| 'മുസ്‌ലിം ലീഗ് സ്വീകരിച്ചത് ഉചിതമായ തീരുമാനം, സിപിഎം ലക്ഷ്യം ലീഗിനെയും കോൺഗ്രസിനെയും ഭിന്നിപ്പിക്കല്‍' : കെ സുധാകരൻ - കെ സുധാകരൻ
🎬 Watch Now: Feature Video
കണ്ണൂർ : ഏക സിവിൽ കോഡിൽ മുസ്‌ലിം ലീഗ് സ്വീകരിച്ചത് ഉചിതമായ തീരുമാനം എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി. മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഒരു പ്രശ്‌നത്തോട് ലീഗും കോൺഗ്രസും ഒരേ പോലെ പ്രതികരിക്കുന്നു എന്നതാണ് ഇതിലെ വ്യക്തത.
ഏക സിവിൽ കോഡിൽ സിപിഎം സെമിനാർ വേണ്ടെന്ന മുസ്‌ലിം ലീഗ് സ്വീകരിച്ച തീരുമാനം വളരെ സന്തോഷകരമായ ഒന്നാണ്. ഒരിക്കലും ലീഗ് കോൺഗ്രസിനെ വിട്ടുപോകില്ല എന്ന വിശ്വാസം കോൺഗ്രസിനുണ്ട്. മുന്നണി സംവിധാനത്തിന്‍റെ ഒരു സുപ്രധാന ഭാഗമാണ് മുസ്‌ലിം ലീഗ് എന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
ലീഗിന്‍റെ വികാര വിചാരങ്ങളെ എല്ലാകാലത്തും കോൺഗ്രസ് ഉൾക്കൊണ്ടിട്ടുണ്ട്. സിപിഎം കാണിക്കുന്നത് കുറുക്കന്‍റെ പോളിസി ആണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ലീഗിനെയും കോൺഗ്രസിനെയും ഭിന്നിപ്പിക്കുക എന്നത് സിപിഎമ്മിന്‍റെ ലക്ഷ്യമാണ്. ആ കെണിയിൽ ലീഗ് വീണില്ല എന്നത് വളരെ സന്തോഷകരവും സ്വാഗതാർഹവും ആണ്.
ഗോവിന്ദന്‍റെ വിവരക്കേടിനെ ഞങ്ങൾ മുഖവിലക്കെടുക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. ഏക സിവിൽ കോഡിൽ കോൺഗ്രസിന്‍റെ പ്രതിഷേധ പരിപാടി തീരുമാനിച്ചിട്ടുണ്ട്. ബഹുസ്വരതയെ ഒന്നിച്ചു നിർത്തിയ പാർട്ടിയായ കോൺഗ്രസിന് ചർച്ച ചെയ്‌തു മാത്രമേ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.