സഭാ തർക്കം: പരിഹാര ബില്ലിനെതിരെ ഓർത്തഡോക്‌സ്‌ സഭ; കത്തീഡ്രൽ പള്ളിയിൽ ഉപവാസ പ്രാർഥന യജ്ഞം - Jacobite Orthodox church dispute

🎬 Watch Now: Feature Video

thumbnail

By

Published : Mar 13, 2023, 2:12 PM IST

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്- യാക്കോബാ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായി നിയമനിര്‍മാണം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി ഓർത്തഡോക്‌സ് സഭ. സർക്കാർ നീതി വിരുദ്ധ തീരുമാനത്തിലേക്ക് പോകില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്‌റ്റി ഫാ. തോമസ് വർഗീസ് അമെയ്ൽ പറഞ്ഞു. നിയമനിർമാണത്തിനുള്ള ബില്ലിന്‍റെ കരട് ഏത് തരത്തിൽ സഭയെ ബാധിക്കുമെന്ന് അറിയില്ല. സുപ്രീം കോടതി വിധിക്കെതിരായ നിയമ നിർമാണം എന്നത് ആശങ്കയോടെ മാത്രമേ കാണാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഓർത്തഡോക്‌സ് - യാക്കോബാ സഭാ തർക്കം ശാശ്വതമായി പരിഹരിക്കും എന്ന് എ കെ ബാലൻ നിയമസഭയിൽ പറഞ്ഞിരുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ വ്യക്തമാക്കി. സഭാതർക്കം പരിഹരിക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഓർത്തഡോക്‌സ് സഭ പാളയം സെന്‍റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ ഉപവാസ പ്രാർഥന യജ്ഞം തുടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

മെത്രാപ്പൊലീത്തമാരും വൈദികരും പ്രാർഥന യജ്ഞത്തിൽ പങ്കെടുത്തു. തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മീസ്‌ പ്രാർത്ഥന യജ്ഞം ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിൽ അതൃപ്‌തി അറിയിച്ച് സഭ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. അതേസമയം 2017 ലെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സഭയുടെ പ്രധാന ആരോപണം. അതേസമയം യാക്കോബായ സഭ സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. 

സര്‍ക്കാരിന്‍റെ നിലപാട് സ്വാഗതം ചെയ്‌ത് യാക്കോബായ സഭയുടെ പള്ളികളില്‍ ഇന്ന് പ്രമേയം പാസാക്കി. ഇപ്പോള്‍ നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ തന്നെ നിയമം പാസാക്കാനാണ് തീരുമാനം. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമാകും ബില്ലിന്‍റെ കരടിന് രൂപം നൽകുക. സുപ്രീം കോടതി നിയമ ലംഘനമാകുമോ ഇതെന്ന് ഈ ഘട്ടത്തില്‍ പരിശോധിക്കും. ഇതിന് ശേഷമാകും ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. അതേസമയം ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭകൾ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകാനുള്ള സാഹചര്യവും മുന്നിലുണ്ട്. ഇത് പരിഗണിച്ച് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണ്. 

സഭാ മേധാവികളുമായി അനുനയ നീക്കം നടത്താനുള്ള ശ്രമങ്ങളും ഇതിനൊപ്പം നടന്നുവരികയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ കോട്ടയത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും ചര്‍ച്ച് ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഓര്‍ത്തഡോക്‌സ് സഭ പ്രത്യക്ഷ സമരമെന്ന നിലയില്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.