ISRO Chairman S Somanath About Shiv Shakti Point 'ശിവ ശക്തി' വിവാദമാക്കേണ്ടതില്ല; രാജ്യത്തിന് പേരിടാൻ അധികാരമുണ്ടെന്ന് എസ് സോമനാഥ് - ISRO CHAIRMAN S SOMANATH
🎬 Watch Now: Feature Video
Published : Aug 27, 2023, 4:49 PM IST
|Updated : Aug 27, 2023, 5:00 PM IST
തിരുവനന്തപുരം: ചന്ദ്രയാൻ 3 ന്‍റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്ത് ശിവ ശക്തി എന്ന് പേരിട്ട സംഭവത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ് (S Somanath). പേരിടുന്നത് ആദ്യമായല്ലെന്നും പേരിടാൻ രാജ്യത്തിന് അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. സാരാഭായ് ക്രൈറ്റർ പോലെ ചന്ദ്രനിൽ വേറെ ഇടങ്ങളിലും പേരുകൾ ഉണ്ടെന്നും എസ് സോമനാഥ് പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് (Shiv Shakti Point) എന്നും ചന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ സ്ഥലത്തിന് തിരംഗ എന്നുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പേര് നൽകിയത്. അതേസമയം വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണെന്നും ആത്മീയ അന്വേഷണത്തിന്‍റെ ഭാഗമായാണ് താൻ ക്ഷേത്രത്തിൽ എത്തിയതെന്നും, സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും എസ് സോമനാഥ് പറഞ്ഞു. ചന്ദ്രനിൽ നിഴലുകൾ വ്യത്യസ്‌തമാണ്. അത് കാരണം ലഭിക്കുന്ന ചിത്രങ്ങൾക്ക് മിഴിവ് ഇല്ല. നല്ല ചിത്രങ്ങൾ ലഭിക്കും. ചന്ദ്രയാന് യാതൊരു തകരാറുമില്ലെന്നും എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 തുടങ്ങിയത് മുതൽ എസ് സോമനാഥ് എല്ലാ പൗർണ്ണമിക്കും പൗർണ്ണമിക്കാവിൽ വരുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്‌തിരുന്നു. ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ അവസാന വട്ട നിരീക്ഷണങ്ങൾക്കായി ഈ മാസം ഇരുപതാം തീയതി ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി നട അടച്ചിരുന്നിട്ടും അദ്ദേഹം പൗർണ്ണമിക്കാവിൽ വന്ന് പ്രാർഥിച്ചിരുന്നു.