Video: 'മരത്തില്‍ കായ്‌ച്ച പണം' പിടികൂടി ആദായ നികുതി വകുപ്പ്, വീഡിയോ വൈറല്‍
🎬 Watch Now: Feature Video
മൈസൂരു (കര്‍ണാടക): പണം മരത്തില്‍ കായ്‌ക്കുന്നതല്ല എന്നാണ് നാമെല്ലാം വിശ്വസിക്കുന്നതും നാളുകളായി പറഞ്ഞുപഠിച്ചിട്ടുള്ളതും. എന്നാല്‍ ഇത്രയും നാള്‍ വലിയൊരു കള്ളമായിരുന്നു നാമെല്ലാം ചിന്തിച്ചിരുന്നത് എന്ന വ്യക്തമാക്കിത്തരികയാണ് കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ്. അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് ആദായ നികുതി വകുപ്പ് 'മരത്തില്‍ കായ്‌ച്ച പണം' കണ്ടെടുത്തത്.
പുത്തൂര്‍ വിധാന്‍ സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ സഹോദരനായ കെ.സുബ്രഹ്മണ്യ റായുടെ വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ചൊവ്വാഴ്‌ച ഒരു കോടി രൂപ പിടികൂടിയത്. വീട്ടിലെ ഉദ്യാനത്തിലെ ചെടികളില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെടുത്തത്. ഇതിനൊപ്പം നിര്‍ണായകമായ രേഖകളും സംഘം കണ്ടെടുത്തിരുന്നു.
ആദായ നികുതി വകുപ്പ് ഈ പണം കണ്ടെടുക്കുന്നതും പിടികൂടുന്നതിന്‍റെയും വീഡിയോയും സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി വിവിധ അന്വേഷണ സംഘങ്ങള്‍ പരിശോധനയുമായി സജീവമാണ്. പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനോടകം 309 കോടി രൂപയും പിടികൂടിയിരുന്നു.
അന്വേഷണ ഏജന്‍സികളുടെ പരിശോധനയുടെ ഭാഗമായി ബെംഗളൂരുവിലെ പുലകേശി നഗര്‍ മണ്ഡലത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം വില വരുന്ന 2.05 കിലോഗ്രാം ലഹരിമരുന്ന് സംഘം പിടികൂടിയിരുന്നു. അതേദിവസം തന്നെ ബിടിഎം ലേഔട്ട് മണ്ഡലത്തില്‍ നിന്നും ബെംഗളൂരു സിറ്റി സൗത്ത് മണ്ഡലങ്ങളില്‍ നിന്നുമായി ഒന്നരക്കോടി രൂപ വിപണി മൂല്യമുള്ള 2.67 കിലോഗ്രാം ലഹരിമരുന്നുകളും 61.40 ലക്ഷം രൂപയും സംഘം പിടികൂടിയിരുന്നു.