ജൊഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയും ലക്ഷ്യം വച്ച് ടീം ഇന്ത്യ നാളെ (നവംബര്‍ 15) ഇറങ്ങും. ജൊഹനാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടരയ്‌ക്കാണ് നാലാം ടി20. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇന്ത്യ.
ആദ്യ മത്സരത്തില്‍ സെഞ്ച്വറി അടിച്ച ശേഷം കഴിഞ്ഞ രണ്ട് കളിയിലും ഡക്കായ ഓപ്പണര്‍ സഞ്ജു സാംസണ്‍ തന്നെയാകും ജൊഹനാസ്ബര്‍ഗിലും പ്രധാന ശ്രദ്ധാകേന്ദ്രം. സ്ഥിരതയില്ലായ്‌മയില്‍ മുന്‍പ് പലപ്പോഴായി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള സഞ്ജുവിന് മികച്ച സ്കോര്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. നാളെ നടക്കുന്ന കളിയിലും മികവ് പുലര്‍ത്താനായില്ലെങ്കില്‍ ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് പാടുപെടേണ്ടി വന്നേക്കാം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര കഴിഞ്ഞാല്‍ പിന്നീട് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയ്‌ക്ക് ടി20യുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഈ പരമ്പര.
കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ച്വറിയടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശര്‍മ തന്നെയാകും ജൊഹനസ്ബര്‍ഗിലും സഞ്ജുവിനൊപ്പം ഓപ്പണറായെത്തുക. മൂന്നാം നമ്പറില്‍ തിലക് വര്‍മ തുടരുമെന്ന് ക്യാപ്‌റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്. സെഞ്ചൂറിയനില്‍ ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ തിലക് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയില്‍ ഇതുവരെ തിളങ്ങാത്ത ക്യാപ്‌റ്റൻ സൂര്യകുമാര്‍ യാദവിനും താളം കണ്ടെത്തേണ്ടതുണ്ട്. നാലാം നമ്പറില്‍ സൂര്യയും അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും തന്നെയാകും നാളെയും കളിക്കാനിറങ്ങുക. പരമ്പരയില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഇതുവരെ ഉയരാത്ത റിങ്കു സിങ്ങിനെ ടീം മാറ്റി പരീക്ഷിക്കാൻ തയ്യാറായാല്‍ ജിതേഷ് ശര്‍മയ്‌ക്ക് അവസരം ലഭിച്ചേക്കാം.
രമണ്‍ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ തുടരാനാണ് സാധ്യത. ഇരുവരുടെയും സാന്നിധ്യം ബാറ്റിങ് ഡെപ്ത് കൂട്ടുമെന്നാണ് വിലയിരുത്തല്‍. പേസ് നിരയില്‍ അര്‍ഷ്‌ദീപ് സിങ്ങിനൊപ്പം യാഷ് ദയാല്‍ എത്തിയാല്‍ രവി ബിഷ്‌ണോയ് ആയിരിക്കും പുറത്തിരിക്കേണ്ടി വരിക. മികച്ച ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തി സ്പെഷ്യലിസ്റ്റ് സ്പിന്നറായി തുടര്‍ന്നേക്കാം.
മത്സരം തത്സമയം കാണാം: സ്പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിലൂടെയും മത്സരം ആരാധകര്‍ക്ക് കാണാം.
Also Read : സെഞ്ചൂറിയനിലെ 'തകര്‍പ്പൻ അടി', ഐപിഎല്‍ താരലേലത്തില്‍ ആ താരം കോടികള്‍ ഉറപ്പിച്ചെന്ന് ഡെയ്‌ല്‍ സ്‌റ്റെയ്‌ൻ