സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ നേതൃത്വത്തിൽ അനധികൃത മണ്ണെടുപ്പ്; ചോദ്യം ചെയ്‌ത സിപിഎം വനിത പഞ്ചായത്തംഗത്തെ കയ്യേറ്റം ചെയ്‌തതായി പരാതി

🎬 Watch Now: Feature Video

thumbnail

കണ്ണൂർ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്‌ത വനിത പഞ്ചായത്തംഗത്തെ കയ്യേറ്റം ചെയ്‌തയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് അംഗവും സിപിഎം പ്രവർത്തകയുമായ ഷീബ ദിവാകരനാണ് പരാതിയുമായി രംഗത്ത് വന്നത്. ഷീബയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും കളളക്കേസിൽ ജയിലിലടച്ചതായും ആക്ഷേപമുണ്ട്.

ഏപ്രിൽ 12ന് ആലപ്പടമ്പയില്‍ അനധികൃതമായി മണ്ണെടുക്കുന്നത് പഞ്ചായത്തംഗവും സിപിഎം പ്രവർത്തകയുമായ ഷീബ ചോദ്യം ചെയ്‌തിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് ഷീബ പറയുന്നത്. സിപിഎം ബ്രാഞ്ച് അംഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു മണ്ണെടുപ്പെന്നും ഇത് ചോദ്യം ചെയ്‌തപ്പോള്‍ തന്നെ കയ്യേറ്റം ചെയ്‌തതായും ഷീബ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

'കയ്യേറ്റം സംബന്ധിച്ച് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മൂന്നോ നാലോ തവണ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. കേസെടുക്കില്ല എന്നായിരുന്നു സിഐയുടെ നിലപാട്. എന്നാല്‍ എനിക്കെതിരെ അതിക്രമം നടത്തിയ സിപിഎം പ്രവത്തകന്‍ നൽകിയ വ്യാജ പരാതിയിൽ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എന്‍റെ ഭർത്താവിനെ ജയിലിലടച്ചു' -ഷീബ ഇടിവി ഭാരതിനോട് പറഞ്ഞു. 

അതേസമയം ആലപ്പടമ്പയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റിന്‍റെ ഓഫിസ് നിര്‍മാണത്തിനായി ട്രസ്റ്റിന്‍റെ പ്രവര്‍ത്തകരാണ് മണ്ണെടുത്തതെന്നും പാര്‍ട്ടിക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്നുമാണ് സിപിഎമ്മിന്‍റെ വിശദീകരണം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.