'പ്രകൃതി അണിയിച്ചൊരുക്കിയ ഇടുക്കി': സഞ്ചാരികൾക്ക് സ്വാഗതം, ഓണക്കാലത്ത് പ്രതീക്ഷയേറെ - latest news in kerala
🎬 Watch Now: Feature Video
ഇടുക്കി: ഓണം സീസണിൽ പ്രതീക്ഷ അർപ്പിച്ച് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. മൺസൂൺ ടൂറിസം ജില്ലയില്‍ കാര്യമായ ചലനം ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് ഓണക്കാലത്തിന് വലിയ പ്രതീക്ഷ നൽകുന്നത്. ഓണക്കാലത്ത് വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ആരംഭിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകള്‍ക്ക് നേരത്തെ തന്നെ ബുക്കിങ് ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, വാഗമൺ, തേക്കടി, ഇടുക്കി, രാമക്കല്‍ മേട് എന്നിവയ്‌ക്ക് പുറമെ ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ജനങ്ങള്‍ എത്തി തുടങ്ങും. ഇത്തവണത്തെ മണ്‍സൂണ്‍ സീസണില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ഓഗസ്റ്റ് പകുതിയോടെ ഓണക്കാലം എത്തുന്നതോടെ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രങ്ങള്‍. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇക്കുറി സഞ്ചാരികൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ എത്തുന്ന സഞ്ചാരികൾ സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന പ്രധാന ടൂറിസം സീസണിന് കരുത്തേക്കുമെന്ന പ്രതീക്ഷയിലാണ്. വിനോദ സഞ്ചാര മേഖകളിലെ കടകളെല്ലാം ഇതിനകം സജീവമായി തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളെത്തി തുടങ്ങുന്നതോടെ കച്ചവടം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് മേഖലകളിലെ വ്യാപാരികളും. വിനോദ സഞ്ചാര മേഖലയ്‌ക്ക് ഇതൊരു ശുഭ പ്രതീക്ഷയാണെന്ന് ടൂറിസം സംരംഭകനായ വിനായക് അയ്യക്കുന്നേൽ പറഞ്ഞു.