വേനല്‍ കടുത്തതോടെ വെള്ളം കിട്ടാനില്ല ; പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ - കാര്‍ഷിക മേഖല
🎬 Watch Now: Feature Video
ഇടുക്കി : വേനല്‍ കടുക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കിണറുകള്‍ ഉള്‍പ്പടെയുള്ള ജല സ്രോതസ്സുകള്‍ വറ്റാന്‍ തുടങ്ങിയിരിക്കുന്നു. വരാനിരിക്കുന്നത് അതികഠിനമായ വേനലാണെന്നാണ് മുന്നറിയിപ്പുകള്‍ നല്‍കുന്ന സൂചന.
വേനല്‍ കടുത്തതോടെ കാര്‍ഷിക മേഖല ഒന്നടങ്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ഏറ്റുവാങ്ങുന്നത് ഏലം മേഖലയാണ്. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനത്തോളം തണലും തണുപ്പും എല്ലായ്‌പ്പോഴും ആവശ്യമാണ്.
എന്നാല്‍ വേനല്‍ ചൂടിന്‍റെ കാഠിന്യം ഏറി നീരുറവകളടക്കം വറ്റി വരണ്ട് ജല ലഭ്യത ഇല്ലാതെ വന്നതോടെ ഏലച്ചെടികളുടെ പരിപാലനവും പ്രതിസന്ധിയിലായി. ചെടികള്‍ കരിഞ്ഞ് ഉണങ്ങി തുടങ്ങിയതോടെ പച്ച നെറ്റുകള്‍ വിലകൊടുത്ത് വാങ്ങി കര്‍ഷകര്‍ കൃഷിയിടത്തില്‍ വലിച്ചുകെട്ടി തണല്‍ തീര്‍ക്കുകയാണ്. ഇതിനാകട്ടെ വന്‍ തുകയാണ് മുടക്കേണ്ടിയും വരുന്നത്.
നിലവില്‍ എലക്കായ്ക്ക് വില ഉയര്‍ന്ന് തുടങ്ങിയതോടെ വരും വര്‍ഷത്തില്‍ എങ്കിലും മികച്ച വിളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിയും വന്‍തുക മുടക്കി പച്ചനെറ്റ് വലിച്ചുകെട്ടി കര്‍ഷകര്‍ വേനല്‍ ചൂടിനെ പ്രതിരോധിക്കുന്നത്. നനവ് എത്തിക്കാൻ കഴിയാത്തതിനാല്‍ വളപ്രയോഗവും പരിപാലനവും നിലച്ചു. ഇതോടെ പലവിധ രോഗങ്ങളും ഏലച്ചെടികള്‍ക്ക് വ്യാപകമാകുന്നുണ്ട്. കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏലം കൃഷിയെ നിലനിര്‍ത്തുന്നതിന് വേണ്ട സഹായമൊന്നും നല്‍കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.
വേനല്‍ കടുത്തതോടെ നിരവധി മുന്നറിയപ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വേനല്‍ ചൂടില്‍ നിന്ന് രക്ഷനേടാനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. തൊഴില്‍ സമയം ക്രമീകരിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്കാണ് സംസ്ഥാന ഭരണകൂടം കടക്കുന്നത്.
സ്വയം സംരക്ഷിക്കുന്നതിനൊപ്പം വളര്‍ത്തുമൃഗങ്ങളെയും ചൂടില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും വര്‍ധിക്കുകയാണ്.