ആദിവാസി യുവാവിനെതിരായ കള്ളക്കേസ് ; സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന് പൊലീസിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മിഷന്‍ - fake case idukki
🎬 Watch Now: Feature Video
ഇടുക്കി : കിഴുകാനത്ത് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മിഷൻ. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. സരുൺ സജി നൽകിയ പരാതിയിലാണ് കമ്മിഷന്‍റെ ഇടപെടൽ. പീരുമേട് ഡിവൈഎസ്‌പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. കേസിൽ പ്രതികളായ 13 പേരിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരും റിമാൻഡിലായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസിൽ പ്രതികളായ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്‍റെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സരുൺ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. അതേസമയം, പീരുമേട് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കമ്മിഷൻ വിലയിരുത്തി. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് റിപ്പോർട്ട് തേടിയ കമ്മിഷൻ ഉപ്പുതറ എസ്എച്ച്ഒയോട് നേരിൽ ഹാജരാകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്‌റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. തുടരന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും സരുൺ സജിക്കെതിരെ ചുമത്തിയ കേസ് വനം വകുപ്പ് പിൻവലിക്കുകയും ചെയ്‌തിരുന്നു.