ഡ്യൂട്ടിക്കിടെ മരിച്ച ഗ്രേഡ് എസ്‌ഐ ജോബി ജോർജിന്‍റെ സംസ്‌കാരം ഇന്ന് - GRADE SI JOBY GEORGE
🎬 Watch Now: Feature Video
കോട്ടയം : പാലാ രാമപുരത്ത് ഡ്യൂട്ടിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ഗ്രേഡ് എസ് ഐ ജോബി ജോർജിൻ്റെ സംസ്‌കാരം ഇന്ന്. രാവിലെ 11 ന് പൊൻകുന്നം തിരുകുടുംബ ഫൊറോന ദേവാലയത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ജോബി ജോർജിൻ്റെ മൃതദേഹം ഇന്നലെ പൊൻകുന്നത്തെ വസതിയിലെത്തിച്ചിരുന്നു. പൊൻകുന്നം ഇടത്തം പറമ്പിലെ കുടുംബ വീട്ടിലാണ് മൃതദേഹം എത്തിച്ചത്.
കോട്ടയം പൊലീസ് ക്ലബ്ബിലും രാമപുരം സ്റ്റേഷനിലും പൊതുദർശനത്തിന് വച്ച ശേഷം നാല് മണിയോടെയാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ജില്ല പൊലീസ് മേധാവി കെ കാർത്തിക് അടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥർ ജോബി ജോർജിന് അന്ത്യ പ്രണാമം അർപ്പിച്ചു.
മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആദ്യം കോട്ടയം പൊലീസ് ക്ലബ്ബിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. മെയ് 14നാണ് ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ് ഐ ജോബി ജോർജ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചത്. രാത്രി 11.10 നായിരുന്നു അപകടം.
ALSO READ: ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്ഐ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നതായി അറിഞ്ഞ് സിപിഒ വിനീത് രാജുമായാണ് ജോബി സ്ഥലത്തെത്തിയത്. ചീട്ടുകളി സംഘം വാതിൽ തുറക്കാത്തതിനെത്തുടർന്ന് ചവിട്ടി തുറക്കാൻ ശ്രമിക്കുമ്പോൾ പിന്നിലേക്ക് മറിഞ്ഞ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.