ഒഡിഷയിൽ വീണ്ടും ട്രെയിൻ അപകടം; ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആളപായമില്ല
ഭുവനേശ്വർ : ഒഡിഷയിലെ ബർഗഢിലെ ഭട്‌ലിക്ക് സമീപം വീണ്ടും ട്രെയിൻ അപകടം. ചുണ്ണാമ്പുകല്ല് കയറ്റിപ്പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ബർഗഢ് ജില്ലയിലെ മെന്ദപാലി മേഖലയിൽ വച്ചാണ് അപകടം ഉണ്ടായത്.
ചുണ്ണാമ്പുകല്ല് കയറ്റിപ്പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്‍റെ നിരവധി ബോഗികൾ പാളം തെറ്റുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സിമന്‍റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. നിർമാണ യൂണിറ്റിലേക്ക് ചുണ്ണാമ്പുകല്ല് കൊണ്ടുപോകാൻ മാത്രമാണ് ഈ റൂട്ട് ഉപയോഗിക്കുന്നത്. ചുണ്ണാമ്പുകല്ല് നിറച്ച ഗുഡ്‌സ് ട്രെയിനിന്‍റെ അഞ്ചോളം ബോഗികൾ ഭട്‌ലി ബ്ലോക്കിലെ സംബർധാരയ്‌ക്ക് സമീപത്ത് വച്ച് പാളം തെറ്റുകയായിരുന്നു.
ദുംഗുരി ചുണ്ണാമ്പുകല്ല് ഖനിയിൽ നിന്ന് നിർമ്മാണ ഫാക്‌ടറിയിലേക്ക് പോകുകയായിരുന്നു ഗുഡ്‌സ് ട്രെയിൻ. മേഖലയിലെ റെയില്‍ പാളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ സിമന്‍റ് കമ്പനി പരിപാലിക്കുന്നതിനാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വിശദീകരണവുമായി റെയിൽവേ വകുപ്പ് രംഗത്തെത്തി. സംഭവത്തെ തുടർന്ന് സിമന്‍റ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ജൂൺ 2) ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ 275 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. സംഭവത്തിന് പിന്നാലെയാണ് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്.
Also read : കൈകൂപ്പി പ്രാർഥിച്ച് മന്ത്രി, ബാലസോറിൽ രണ്ട് പാതകളിലും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു