മാണ്ഡ്യയിൽ കനാലിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങിമരിച്ചു; രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നു
🎬 Watch Now: Feature Video
മാണ്ഡ്യ (കർണാടക): കർണാടകയിലെ മാണ്ഡ്യയിൽ കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യയിലെ ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളായിരുന്നു കനാലിൽ കുളിക്കാനിറങ്ങിയത്. അപകടത്തിൽ പെട്ട മറ്റ് രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അനിഷ ബീഗം (10), തസ്‌മിയ (22), മെഹതാബ് (10) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഷ്റക്ക് (28), അഫിക്ക (22) എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരിച്ചവരെല്ലാം ബെംഗളൂരുവിലെ നിലസാന്ദ്ര നിവാസികളാണ്. വേനൽ അവധിക്ക് മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു അപകടത്തിൽപെട്ട കുട്ടികൾ.
ഇന്ന് ഉച്ചയോടെ അഞ്ച് പേരും ചേർന്ന് ദൊഡ്ഡകൊട്ടഗെരെയിലെ വിശ്വേശ്വരയ്യ കനാലിൽ നീന്താൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ ഒരു കുട്ടി വെള്ളത്തിൽ മുങ്ങി പോയി. ഈ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് നാലു പേരും ഒഴുക്കിൽ പെട്ടത്.
സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും നീന്തർ വിദഗ്‌ധരും ചേർന്ന് മൃതദേഹത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ ബസറലു പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.