ട്രോളിങ് നിരോധനം നാളെ മുതല്‍; തീരമേഖലയിൽ ഇനി വറുതിയുടെ കാലം

🎬 Watch Now: Feature Video

thumbnail

കൊല്ലം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം. മത്സ്യബന്ധ ബോട്ടുകള്‍ തീരമണയുമ്പോള്‍ ദുരിതത്തിലാകുകയാണ് മത്സ്യത്തൊഴിലാളികള്‍. കടലിലും കരയിലുമായി ജീവിതം തള്ളിനീക്കുന്ന തൊഴിലാളികള്‍ക്ക് ഇനി 52 ദിവസം കരയില്‍ വിശ്രമിക്കാം. 

ട്രോളിങ് നിരോധനത്തോടെ ബോട്ടുകള്‍ കരയ്‌ക്കടുപ്പിക്കുമ്പോഴും ദുരിതക്കടലില്‍ നിന്ന് ജീവിതം കരയ്‌ക്കടുപ്പിക്കാനാകില്ലെന്ന ദുഃഖത്തിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന കാലയളവില്‍ ധനസഹായം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെങ്കില്‍ അത് ലഭിക്കുക ട്രോളിങ് നിരോധനമെല്ലാം പിന്‍വലിച്ചതിന് ശേഷമാകും. മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവുകളുമെല്ലാം ഓര്‍ക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മത്സ്യത്തൊഴിലാളിയായ വാവച്ചന്‍ പറയുന്നു.  

തീരദേശ മേഖലകളായ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളില്‍ ബോട്ടുകള്‍ കരയ്‌ക്കടുപ്പിച്ചു. ഈ തുറമുഖങ്ങളെല്ലാം 52 ദിവസം അടച്ചിടും. കരയ്‌ക്കടുപ്പിച്ച ബോട്ടുകലിലെ എക്കോസൗണ്ടറും വലയും വയര്‍ലസ് സെറ്റുമെല്ലാം സുരക്ഷിതമായി എടുത്തുമാറ്റി തുടങ്ങി. ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. ചെറുവള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് കടലില്‍ പോകാം. 

ഭൂരിഭാഗം തൊഴിലാളികളും വലിയ ബോട്ടുകളിലെ ജീവനക്കാരാണ്. ട്രോളിങ് നിരോധനവും അതിനെ തുടര്‍ന്നുണ്ടാകുന്ന ദുരിതങ്ങളും പതിവ് പോലെ കടന്ന് പോകുമെന്നതല്ലാതെ യാതൊരു പ്രതീക്ഷയുമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.