First Group Of Malayalees From Israel Reached Kochi : ഓപ്പറേഷന്‍ അജയ് : ഒടുവില്‍ ആശ്വാസതീരത്ത് ; ഇസ്രയേലില്‍ നിന്നുള്ള ആദ്യ മലയാളിസംഘമെത്തി - Attack Against Israel
🎬 Watch Now: Feature Video
Published : Oct 13, 2023, 8:45 PM IST
കൊച്ചി : ഇസ്രയേൽ-ഹമാസ് സംഘർഷത്തെ തുടർന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് നടപ്പാക്കുന്ന ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി മലയാളികളായ ആദ്യ സംഘം കൊച്ചിയിലെത്തി (First Group Of Malayalees From Israel Reached Kochi). നേരത്തെ ഡൽഹിയിലെത്തിയ സംഘം എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ നെടുമ്പാശ്ശേരിയിലെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതൽ മലയാളികൾ തിരിച്ചെത്തുമെന്ന് വന്നവര്‍ അറിയിച്ചു. അതേസമയം മാധ്യമങ്ങളിൽ കാണുന്നതുപോലെ ഇസ്രയേലിൽ വലിയ പ്രശ്നങ്ങളില്ലെന്ന് അവിടെ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി നിള പറഞ്ഞു. രക്ഷിതാക്കളുടെ താത്പര്യപ്രകാരമാണ് തിരിച്ചുവന്നത്. സാധാരണ ജീവിതത്തെ യുദ്ധം ബാധിച്ചിരുന്നില്ല. നിരവധിയാളുകൾ അവിടെ നിൽക്കുകയാണ്. പ്രശ്നങ്ങൾ നടക്കുന്നത് ഗാസ ഇസ്രയേൽ അതിർത്തിയിലാണെന്നും നിള പറഞ്ഞു. ഇന്ന് രാത്രിയും തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ മലയാളി വിദ്യാർഥികൾ തിരിച്ചെത്തുമെന്ന് കണ്ണൂർ ഏച്ചൂർ സ്വദേശിയും വിദ്യാർഥിയുമായ അച്യുത് എം.സി പറഞ്ഞു. ചെറിയ പ്രശ്നങ്ങൾ മാത്രമാണ് നേരിട്ടതെന്നും അച്യുത് കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങളിൽ നിന്ന് പഠനത്തിനായി എത്തിയ വിദ്യാർഥികളുടെ സുരക്ഷയുറപ്പാക്കുന്നതിൽ ഇസ്രയേലുകാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് ശിശിരയും വ്യക്തമാക്കി. അതേസമയം ആരോഗ്യ പ്രവർത്തകരായി ജോലി ചെയ്യുന്നവർക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്. പലരും ഗാസ അതിർത്തിയിലടക്കം ജോലി ചെയ്യുന്നുണ്ട്. അവർ യുദ്ധത്തിന്‍റെ ഭീകരാന്തരീക്ഷത്തിലാണ്. വീൽചെയറിൽ അടക്കം കഴിയുന്നവരെ സംരക്ഷിക്കുന്ന ജോലി ചെയ്യുന്നവർക്ക് കൂടെയുള്ളവരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇസ്രയേൽ സ്വദേശികളായ തങ്ങളുടെ കൂടെ പഠിക്കുന്നവരടക്കം യുദ്ധത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്നും ശിശിര വിശദീകരിച്ചു. കണ്ണൂർ സ്വദേശി അച്യുത്, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം, മലപ്പുറം ചങ്ങരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസിത ടി.പി, പാലക്കാട് സ്വദേശി നിള, നന്ദ എന്നിവരാണ് എ.ഐ 831 നമ്പർ വിമാനത്തിൽ എത്തിയത്(Operation Ajay).