Fake certificate case | 'കെ വിദ്യയെ പിടികൂടിയത് നിവൃത്തിയില്ലാതെ' ; അറസ്റ്റ് സെറ്റിട്ടതെന്ന് വിഡി സതീശന്‍ - fake certificate case vd satheesan on k vidhya
🎬 Watch Now: Feature Video
എറണാകുളം : വ്യാജരേഖ കേസിലെ പ്രതി വിദ്യയെ പൊലീസ് പിടികൂടിയത് നിവൃത്തിയില്ലാതെയെന്ന് വിഡി സതീശൻ. വിദ്യയെ പൊലീസ് സെറ്റിട്ട് പിടികൂടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജരേഖ ചമച്ച എസ്‌എഫ്‌ഐ വനിത നേതാവ് രണ്ടാഴ്‌ച കഴിഞ്ഞിട്ടും കീഴടങ്ങിയില്ലായിരുന്നെങ്കിൽ പൊലീസിന് അവരുടെ കണ്ണിൽപ്പെടാതെ ഒരാഴ്‌ച കൂടി നടക്കേണ്ടി വരുമായിരുന്നു. കായംകുളത്തെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയുടെ കണ്ണിൽപ്പെടാതെയാണ് പൊലീസ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ പൊലീസിനെ വിഷമിപ്പിക്കാതെ ഇതുപോലെ സെറ്റിട്ട് കീഴടങ്ങണമെന്നാണ് കായംകുളം കേസിലെ പ്രതിയോട് ആവശ്യപ്പെടാനുള്ളതെന്ന് വിഡി സതീശൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകനെതിരെ സർവകലാശാല പരാതി നൽകിയത് ദേശാഭിമാനിയുടെ വാർത്തയുടെ അടിസ്ഥാനത്തിലാണെന്ന് വിസി വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനിക്ക് ഈ വ്യാജ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കിയാൽ മാത്രമല്ലേ അന്വേഷണം നടത്താൻ കഴിയുകയുള്ളൂ. ഈ അന്വേഷണത്തിൽ തങ്ങൾ ആരെയും പ്രതിരോധിക്കാനില്ല. എതിർ ശബ്‌ദങ്ങളെ മുഴുവൻ നിശബ്‌ദമാക്കുക, പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുക, മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുക എന്നിവയാണ് സർക്കാർ ചെയ്യുന്നത്. സിപിഎം വെട്ടുകിളികൾക്ക് സൈബറിടത്തിൽ ഏത് സ്ത്രീകളെയും രാഷ്ട്രീയ നേതാവിനെയും അധിക്ഷേപിക്കാം. എന്നാൽ, അവർക്കെതിരെ പറഞ്ഞാൽ കേസെടുക്കുമെന്നും വിഡി സതീശന്‍ ആരോപിച്ചു.
'സിഐ ലൈക്ക് അടിച്ചതിന് നടപടിയില്ല': തനിക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയതിന് താഴെ പറവൂരിലെ സിഐ ലൈക്ക് അടിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇരട്ട നീതിയാണ്. കേരള വിസി ഒരേ സമയം രണ്ട് യൂണിവേഴ്‌സിറ്റികളിൽ പഠിച്ചുവെന്ന വാർത്തയിൽ വിശദീകരണം നൽകേണ്ടത് വിസിയാണ്. ആ വിസിയെ മെഡിക്കൽ സർവകലാശാലയുടെ ചുമതലയില്‍ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാറിന് പരാതിയുണ്ടായിരുന്നില്ല. കേരള യൂനിവേഴ്‌സിറ്റി വിസിയായി ഗവർണർ നിയമിച്ചപ്പോഴും പരാതി ഉണ്ടായിരുന്നില്ല. കായംകുളത്തെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ചും കലിംഗ യൂണിവേഴ്സ്റ്റിയെ കുറിച്ചും പറഞ്ഞപ്പോഴാണ് പാർട്ടി ചാനൽ ഇത്തരമൊരു വാർത്ത പുറത്തുവിടുന്നത്.
ആരെങ്കിലും സർക്കാറിനെതിരേയും കൂടെ നിൽക്കുന്നവർക്ക് എതിരേയും പറഞ്ഞാൽ ഇതായിരിക്കും അവസ്ഥയെന്ന ഭീഷണിയാണിത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള ശ്രമമാണ് കോടതിയുടെ സഹായത്തോടെ തടഞ്ഞത്. കെപിസിസി പ്രസിഡന്‍റിനെ ജയിലിലടയ്ക്കാനുളള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. നിയമത്തിന്‍റെ വഴിയെ പോയാണ് കോടതിയുടെ സംരക്ഷണം ലഭിച്ചത്.
കേസുമായി പൂർണമായും സഹകരിക്കും. നേരത്തെ വരില്ലെന്ന് പറഞ്ഞപ്പോഴും 23ാം തിയതി ഹാജരാകുമെന്ന് അറിയിച്ചിരുന്നു. പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന കള്ള പ്രചാരണമാണ് നടന്നത്. എന്ത് വ്യാജരേഖയും ഉണ്ടാക്കാൻ മടിയില്ലാത്തവരാണ് ഇവര്‍. എൽഡിഎഫ് ശിഥിലമാകുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഘടകകക്ഷി നേതാവായ എംവി ശ്രേയാംസ് കുമാറിനെതിരെ നടക്കുന്ന സൈബർ ആക്രമണം ഇതിന് തെളിവാണ്. സംസ്ഥാനത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടത് ശ്രേയാംസ് വെളിപ്പെടുത്തിയിരുന്നു.
റിപ്പോർട്ടർമാർക്ക് മൊഴി നൽകാൻ ഭീഷണിയുണ്ടായെന്ന ശ്രേയാംസിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണം. തന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിനെതിരെ ആലപ്പുഴയിൽ കെഎസ്‌യു നേതാവ് കൊടുത്ത പരാതിയിൽ അന്വേഷണം നടക്കുന്നില്ല. എസ്‌എഫ്‌ഐ നേതാവ് ആർഷോയുടെ പരാതിയിൽ കെഎസ്‌യുക്കാരേയും മാധ്യമപ്രവർത്തകരേയും പ്രതിയാക്കുന്നു. പൊലീസിനെക്കുറിച്ച് എല്ലായിടത്തുനിന്നും വരുന്നത് മോശം വാർത്തകളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.