പഞ്ചായത്തംഗത്തിൻ്റെ വീട്ടിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞു; പൊട്ടാത്ത 2 സ്ഫോടക വസ്‌തു മുറ്റത്ത് നിന്നും കണ്ടെത്തി - യു ഡി എഫ് ഹർത്താൽ കായണ്ണ
🎬 Watch Now: Feature Video
കോഴിക്കോട് : പഞ്ചായത്തംഗത്തിൻ്റെ വീടിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു. കോഴിക്കോട് കായണ്ണ 13-ാം വാർഡ് യുഡിഎഫ് അംഗം പി സി ബഷീറിൻ്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2:36ന് ആക്രമണം നടന്നത്. സ്ഫോടനത്തിൽ വീടിൻ്റ തറയുടെ മാർബിളും ജനൽ ചില്ലുകളും തകർന്നു.
മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ മുകൾ വശത്ത് തട്ടിയാണ് സ്ഫോടക വസ്‌തു തറയിൽ വീണ് പൊട്ടിയത്. പൊട്ടാത്ത ചാക്ക് നൂലിൽ പൊതിഞ്ഞ 2 സ്ഫോടക വസ്‌തു മുറ്റത്ത് നിന്നും ലഭിച്ചു. രണ്ട് പേർ സ്ഫോടക വസ്‌തു കത്തിച്ചെറിയുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങളടക്കം ചേർത്ത് ബഷീർ പൊലീസിൽ പരാതി നൽകി. പേരാമ്പ്ര അസി: ഇൻസ്പെക്‌ടർ സജി ജോസഫിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മുസ്ലിം ലീഗ് കായണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് ബഷീർ. ആക്രമണത്തിൽ പ്രതിഷേധിച്ച് കായണ്ണയിൽ ഉച്ചവരെ യു ഡി എഫ് ഹർത്താൽ നടത്തുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.