ലഖ്‌നൗ: സമാനതകളില്ലാത്ത നേതാവാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശില്‍പി എന്ന് അറിപ്പെടുന്ന മന്‍മോഹന്‍റെ വിയോഗത്തിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങള്‍ ഏറെപേര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതശൈലിയും സാധാരണക്കാരുമായുള്ള ബന്ധവും കൂടുതല്‍ അടിവരയിടുന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മൂന്ന് വർഷത്തോളം മന്‍മോഹന്‍റെ ചീഫ് ബോഡിഗാർഡായി പ്രവർത്തിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനും നിലവില്‍ ഉത്തർപ്രദേശ് മന്ത്രിയുമായ അസിം അരുണാണ് ഏറെ ഹൃദയംഗമമായ ഓര്‍മ്മക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും മൻമോഹൻ സിങ്ങിന് ഒരു സ്വകാര്യ കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അതു മാരുതി സുസുക്കി 800 ആയിരുന്നുവെന്നുമാണ് അസിം ഓര്‍ത്തെടുക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആഡംബര കാറായ ബിഎംഡബ്ല്യു ഉള്‍പ്പെടെയുള്ളവയെ തഴഞ്ഞ് മന്‍മോഹന്‍ മരുതി 800-നോട് പുലര്‍ത്തിയ അടുപ്പം മധ്യവർഗവുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തെയും സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയെയും ഉറപ്പിക്കുന്നതുകൂടി ആയിരുന്നുവെന്നും അസിം തന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്. മന്‍മോഹന് സുരക്ഷ ഒരുക്കുന്നതിനായുള്ള തന്‍റെ ചുമതലയും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.
मैं 2004 से लगभग तीन साल उनका बॉडी गार्ड रहा। एसपीजी में पीएम की सुरक्षा का सबसे अंदरुनी घेरा होता है - क्लोज़ प्रोटेक्शन टीम जिसका नेतृत्व करने का अवसर मुझे मिला था। एआईजी सीपीटी वो व्यक्ति है जो पीएम से कभी भी दूर नहीं रह सकता। यदि एक ही बॉडी गार्ड रह सकता है तो साथ यह बंदा… pic.twitter.com/468MO2Flxe
— Asim Arun (@asim_arun) December 26, 2024
"ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന്‍റെ അസിസ്റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ നിഴൽ പോലെ എപ്പോഴും അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നതായിരുന്നു എന്‍റെ ഉത്തരവാദിത്തം. ഒരു അംഗരക്ഷകന് മാത്രമേ അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയൂ എങ്കിൽ, അത് ഞാനായിരിക്കണം. പ്രധാനമന്ത്രിയില്‍ നിന്ന് ഒരിക്കലും വിട്ടുനില്‍ക്കാന്‍ എനിക്ക് ആകുമായിരുന്നില്ല"- അസിം കുറിച്ചു.
ഔദ്യോഗിക യാത്രകൾക്കായി ആഡംബര ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ വാഹനങ്ങളുടെ ഒരു കൂട്ടം ഉണ്ടായിരുന്നിട്ടും, അദ്ദേഹം പലപ്പോഴും തന്‍റെ മരുതി 800-നോടുള്ള ഇഷ്‌ടം പ്രകടിപ്പിക്കുമായിരുന്നുവെന്നും അസിം വ്യക്തമാക്കി. "പ്രധാനമന്ത്രിയുടെ വസതിയിലെ തിളങ്ങുന്ന കറുത്ത ബിഎംഡബ്ല്യുവിന് പിന്നിലായിരുന്നു ആ മാരുതി കാര്‍ ഉണ്ടായിരുന്നത്. അസിം, ഈ കാറുകളില്‍ (ബിഎംഡബ്ല്യു) യാത്ര ചെയ്യാന്‍ എനിക്ക് ഇഷ്‌ടമല്ല. എന്‍റെ വാഹനം ആ മാരുതി 800 ആണെന്ന് അദ്ദേഹം പറയുമായിരുന്നു.
ഹൈടെക് ബിഎംഡബ്ല്യുവിന്‍റെ സുരക്ഷാ ആവശ്യകതകൾ അദ്ദേഹത്തോട് വിശദീകരിക്കുകയായിരുന്നു എന്‍റെ മറുപടി. എന്നാൽ മാരുതി 800-ന് അടുത്തുകൂടെ പ്രധാനമന്ത്രിയുടെ വാഹനം പോകുമ്പോഴെല്ലാം, അദ്ദേഹത്തിന്‍റെ നോട്ടം അതിലേക്ക് തിരിയുമായിരുന്നു. ഒരു മധ്യവർഗക്കാരനെന്ന നിലയിലുള്ള തന്‍റെ വ്യക്തിത്വവും സാധാരണക്കാരെ പരിപാലിക്കുന്നതിനുള്ള പ്രതിബദ്ധതയും അദ്ദേഹം വീണ്ടും ഉറപ്പിക്കുന്നത് പോലെയായിരുന്നു അത്. ബിഎംഡബ്ല്യു പ്രധാനമന്ത്രിയുടെ സ്ഥാനത്തിന്‍റെ മഹത്വത്തെ പ്രതീകപ്പെടുത്തുമെങ്കിലും, തന്‍റെ ഹൃദയത്തിൽ, മാരുതിയെയാണ് അദ്ദേഹം തന്‍റെ കാറായി കണ്ടത്"- അസിം വ്യക്തമാക്കി.