'കള്ളൻ കപ്പലില്‍ തന്നെയുണ്ട്'; ലഹരി വസ്‌തുക്കളുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍ - എംഡിഎംഎ
🎬 Watch Now: Feature Video
കൊല്ലം: ലഹരി വസ്‌തുക്കളുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്നംഗ സംഘം പിടിയിൽ. കിളിമാനൂർ എക്‌സൈസ് റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസറായ അഖിലും സുഹൃത്തുക്കളുമാണ് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉൽപന്നങ്ങളുമായി അഞ്ചലില്‍ പിടിയിലായത്. കൊല്ലം ജില്ലയിൽ സിന്തറ്റിക് ലഹരി മാഫിയകളുടെ സാന്നിധ്യം ശക്തമാകുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിതിന് പിന്നാലെയാണ് ഇവര്‍ പിടിയിലാകുന്നത്.
കൊല്ലം ചവറയിൽ 200 ഗ്രാമിലേറെ എംഡിഎംഎ പിടികൂടിയതിന് പിന്നാലെയാണ് ഇന്ന് ജില്ലയുടെ കിഴക്കൻ മേഖലയായ അഞ്ചലിൽ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥനായ അഖിലും സുഹൃത്തുക്കളായ അൽസാബിത്ത്, ഫൈസൽ എന്നിവര്‍ പിടിയിലായത്. ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎ, 58 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ആറുമാസമായി അഞ്ചലിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റൂറൽ പൊലീസിന്‍റെ ഡാൻസാഫ് സ്ക്വാഡും അഞ്ചൽ പൊലീസും ചേർന്ന് മൂന്നുപേരെയും പിടികൂടിയത്. അഖിലിനെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും സംഘത്തിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.