ഗ്രീൻപീസുകൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നവരാണ് നമ്മൾ. എന്നാൽ എത്ര കഴിച്ചാലും മടുപ്പ് തോന്നാത്ത ഗ്രീൻപീസ് കൊണ്ടുള്ള ഒരു വിഭവമാണ് ഗ്രീൻപീസ് മുട്ട മസാല. ഇത് കഴിക്കാൻ വേണ്ടി മാത്രം തട്ടുകടകളിൽ പോകുന്നവർ നിരവധിയാണ്. തട്ടുകടയിൽ നിന്നും ലഭിക്കുന്ന അതെ രുചിയിൽ ഗ്രീൻപീസ് മുട്ട മസാല വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗ്രീൻപീസ് - 1 കപ്പ്
- മുട്ട - 3 എണ്ണം
- സവാള - 1 എണ്ണം
- പച്ചമുളക് - 4 എണ്ണം
- തക്കാളി - 1 എണ്ണം
- കറിവേപ്പില - 2 തണ്ട്
- മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ
- ഗരംമസാല - 1/2 ടീസ്‌പൂൺ
- എണ്ണ - 1 ടേബിൾ സ്‌പൂൺ
- കുരുമുളകുപൊടി - 1/4 ടീസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വച്ച ഗ്രീൻപീസ് അൽപം മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണം ഒഴിക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലേക്കിട്ട് വഴറ്റുക. സവാള വാടി വരുമ്പോൾ അരിഞ്ഞ് വച്ച തക്കാളി, പച്ചമുളക് എന്നിവ കൂടെ ചേർക്കാം. ഇതിലേക്ക് 1/4 ടീസ്‌പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്‌പൂൺ ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റാം. ശേഷം വേവിച്ച് വച്ച ഗ്രീൻ പീസ് ഇതിലേക്കിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ബീറ്റ് ചെയ്‌ത മുട്ട കൂടി ചേർത്ത് കൈ എടുക്കാതെ നന്നായി ഇളക്കുക. മുട്ട കട്ടപിടിക്കാതെ ശ്രദ്ധിക്കണം. കുരുമുളക് ചേർത്ത് രണ്ട് മിനിറ്റ് നേരം വേവിക്കാം. ഇനി ഇത് അടുപ്പിൽ നിന്ന് മാറ്റം. ചെറുതായി അരിഞ്ഞു വച്ച സവാള, തക്കാളി, കറിവേപ്പില എന്നിവ ഇതിന് മുകളിലായി വിതറാം. രുചികരമായ ഗ്രീൻ പീസ് മുട്ടമസാല റെഡി.
Also Read : കാഴ്‌ചയിലും ഗുണത്തിലും കേമൻ; 10 മിനിറ്റിൽ പൂ പോലുള്ള ബീറ്റ്‌റൂട്ട് ഇടിയപ്പം തയ്യാറാക്കാം